തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് ചവറ. ഇനി എല്ലാവരുടെയും ശ്രദ്ധ ഇവിടേയ്ക്കായിരിക്കും. ഇന്ന് മുതൽ ചവറയിലെ വിശേഷങ്ങൾ ചൂടോടെ വായനക്കാരുടെ മുന്നിലെത്തും. വായിക്കാം 'ചവറ വിശേഷം'.
............................
തേവലക്കര വഴി തിരുമുല്ലവാരത്തേയ്ക്ക്
ചവറ മണ്ഡലത്തിന്റെ കിടപ്പ് ഒരു വാലും ചേലുമില്ലാതെയാണ്. ഇടയ്ക്ക് മണ്ഡലം പുനർനിർണയം വന്നപ്പോൾ പറ്റിയ പറ്റാണ്. പഴയ കുന്നത്തൂരിന്റെയും കൊല്ലം മണ്ഡലത്തിന്റെയും പല ഭാഗങ്ങളും ചവറ നിയോജക മണ്ഡലത്തിലായി.
വളഞ്ഞും പുളഞ്ഞുമൊക്കെ സ്ഥാനാർത്ഥികൾ ഒന്നു ചുറ്റിയാലേ മണ്ഡലം വലം വയ്ക്കാനാകൂ. കുന്നത്തൂരിലും കൊല്ലം മണ്ഡലത്തിലും എന്തിന് കരുനാഗപ്പള്ളി മണ്ഡലത്തിലും ബോർഡ് വച്ചാലെ വോട്ട് പെട്ടിൽ വീഴൂ. തേവലക്കരയിൽ നിന്ന് തുടങ്ങാം. തേവലക്കരയിൽ നിന്ന് രണ്ട് വഴിയുണ്ട്. പന്മന വഴിയും തെക്കുംഭാഗം വഴിയും. തെക്കുംഭാഗത്തുനിന്ന് നേരേ തെക്കോട്ടും കിഴക്കോട്ടുമൊക്കെ കയറിയിറങ്ങി കുരീപ്പുഴ വടക്കെത്താം. കുരീപ്പുഴയിലെ ആദ്യ അഞ്ച് വാർഡുകൾ ചവറ മണ്ഡലത്തിലാണ്. അവിടുന്ന് കാവനാട് വഴി ശക്തികുളങ്ങര കയറാം. ശക്തികുളങ്ങര പടിഞ്ഞാറും, വടക്കും, മദ്ധ്യവും ചവറയിലാണ്. ശക്തികുളങ്ങരയിൽ നിന്ന് വേണമെങ്കിൽ ഇട റോഡുകളിലൂടെ പന്മയും കൊറ്റംകുളങ്ങരയുമൊക്കെ എത്താം.
ദേശീയപാത വഴി നേരിട്ടും കറങ്ങാം. പക്ഷേ നീണ്ടകര പഞ്ചായത്ത് മുഴുവൻ ചുറ്റണം. തീർന്നില്ല തങ്കശേരിയും അറ്റത്തുണ്ട്. കോർപ്പറേഷന്റെ 49, 50 വാർഡുകളാണിവ. തങ്കശേരിയിൽ കയറി നേരെ തിരുമുല്ലവാരത്തെത്തുമ്പോഴേയ്ക്കും ചവറ പ്രദക്ഷിണം ചെയ്യപ്പെട്ടിരിക്കും. നേതാക്കളെല്ലാം ഇതുവഴി തന്നെ പലവഴിയായി ചുറ്റിത്തുടങ്ങിയിട്ടുണ്ട്. ചുറ്റി ചുറ്റി അവർ ചവറയിലെത്തും.