വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും, പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ ഇന്ന് നൽകും. സംഭവത്തിലെ ഗൂഡാലോചനയും , കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നതും അന്വേഷിക്കും. മുത്തിക്കാവിലെ ഫാം ഹൗസിലും സനലിന്റെ വീട്ടിലും നടന്ന ഗൂഢാലോചനകളിൽ പങ്കെടുത്തവരെക്കുറിച്ച് തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊല നടക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപാണ് സനലിന്റെ വീട്ടു പരിസരത്ത് അവസാനവട്ട ആസൂത്രണം നടത്തിയത്. ഇത് സംബന്ധിച്ച തെളിവുകൾ സൈബർ പൊലീസ് തേടുന്നു.കൊല്ലപ്പെട്ടവരുടെയും , കൊലയാളികളുടെയും ഫോൺ വിവരങ്ങൾ, സി.സി.ടി.വി ദൃശ്യം, വാട്ട്സ്ആപ്പ് സന്ദേശങ്ങൾ എന്നിവയും പരിശോധിക്കും.
അക്രമണത്തിൽ നേരിട്ടിടപെട്ടവരും പ്രതികളെ സഹായിച്ചവരുമടക്കം ഒൻപത് പേരാണ് ഇരുവരെ അറസ്റ്റിലായത്. പുല്ലമ്പാറ സ്വദേശികളായ ഷജിത് മൻസിലിൽ ഷജിത് (27), റോഡരികത്ത് വീട്ടിൽ നജീബ്(41), ചരുവിള പുത്തൻ വീട്ടിൽ അജിത് (27), റോഡരികത്ത് വീട്ടിൽ സതി മോൻ (47), പാറവിളാകത്ത് വീട്ടിൽ അൻസർ (29), ചെറുകോണത്ത് വീട്ടിൽ സജീവ് (35), മദപുരം ചരുവിള വീട്ടിൽ സനൽ (32), തടത്തരികത്ത് വീട്ടിൽ പ്രീജ (30) വാഴവിള ചരുവിള വീട്ടിൽ ഉണ്ണി (49), എന്നിവരാണ് റിമാന്റിലുള്ളത് . പ്രതികളിൽ രണ്ടുപേരെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് പ്രീജയെ അറസ്റ്റ് ചെയ്തത്. സജീവ്, സനൽ, അൻസർ, ഉണ്ണി എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായും ഇവർ നാലു പേരും ചേർന്ന് വളഞ്ഞിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ബാക്കിയുള്ളവർ സംഭവ സ്ഥലത്തെത്തുകയും, കൊല ചെയ്തവർക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കുകയുമായിരുന്നു.