മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണവുമായി പോവുകയായിരുന്ന കളളക്കടത്ത് സംഘം വിമാനത്താവള റോഡിൽ പരിശോധനയ്ക്കെത്തിയ ഡി.ആർ.ഐ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് തെറിപ്പിച്ചു. സാരമായി പരിക്കേറ്റ ഇൻസ്പെക്ടർ ആൽബർട്ട് ജോർജ്, ഡ്രൈവർ നജീബ് എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളളക്കടത്ത് സംഘത്തിന്റെ വാഹനവും അപകടത്തിൽപ്പെട്ടതോടെ കൊടുവളളി സ്വദേശി നിസാർ പിടിയിലായി. ഡ്രൈവർ അരീക്കോട് പത്തനാപുരം സ്വദേശി ഫസൽ ഓടിരക്ഷപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് നാല് കിലോയോളം സ്വർണം കണ്ടെടുത്തു.
കരിപ്പൂർ വിമാനത്താവള റോഡിൽ ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കരിപ്പൂർ വഴി കടത്തിയ സ്വർണം വാങ്ങി ഇന്നോവ കാറിൽ മടങ്ങുകയായിരുന്ന നിസാറും ഫസലും. രഹസ്യവിവരത്തെത്തുടർന്ന് കാറിലും ബൈക്കിലുമായി കോഴിക്കോട് നിന്നെത്തിയ ആറംഗ ഡി.ആർ.ഐ സംഘം വിമാനത്താവള റോഡിലെ അടിവാരത്തെത്തിയപ്പോൾ കളളക്കടത്ത് വാഹനം തടഞ്ഞു. ഡി.ആർ.ഐ സംഘമാണെന്നറിഞ്ഞതോടെ, കളളക്കടത്ത് സംഘം വാഹനം അമിതവേഗത്തിൽ വെട്ടിച്ച് , ഉദ്യോഗസ്ഥരായ ആൽബർട്ട് ജോർജ്, നജീബ് എന്നിവരെത്തിയ ബുളളറ്റ് ഇടിച്ചിട്ട ശേഷം കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. ഇടിച്ചിട്ട ബുളളറ്റ് 20 മീറ്ററോളും റോഡിലൂടെ വലിച്ചിഴച്ച വാഹനം റോഡരിൽ മരക്കുറ്റിയിൽ ഇടിച്ചാണ് നിന്നത്. ബുള്ളറ്റ് പൂർണ്ണമായും തകർന്നിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന ഫസൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പട്ടെങ്കിലും കാറിലെത്തിയ ഡി.ആർ.ഐ സംഘം നിസാറിനെ പിടികൂടി. വാഹനത്തിലും സമീപത്തും നിന്നാണ് നാല് കിലോയോളം സ്വർണം കണ്ടെടുത്തത്. സ്വർണം രണ്ടുപേരും ചിതറിയെറിഞ്ഞെന്ന സംശയത്തിൽ കൊണ്ടോട്ടി പൊലീസും ദുരന്തനിവാരണ സേനയും ചേർന്ന് മണിക്കൂറുകളോളം പരിശോധിച്ചെങ്കിലും കൂടുതൽ സ്വർണം കണ്ടെത്താനായില്ല.
കൊടുവളളി കേന്ദ്രീകരിച്ചുള്ള സംഘമാണ് കള്ളക്കടത്തിന് പിന്നിലെന്ന് ബോധ്യമായിട്ടുണ്ട്. നിസാറിനെ ഡി.ആർ.ഐ സംഘം ചോദ്യം ചെയ്യുന്നു.ഉദ്യോഗസ്ഥരെ ഇടിച്ചിട്ട കാറിന് പിറകെ സ്വർണകടത്ത് സംഘത്തിന്റെ മറ്റൊരു കാറ് കൂടിയുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വിമാനത്താവളം ശുചീകരണ വിഭാഗത്തിലെ രണ്ട് ജീവനക്കാർ വഴിയാണ് സ്വർണ്ണം പുറത്തെത്തിച്ചത്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്. സ്വർണം കടത്താൻ സഹായിച്ചവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഓടിയത് ഉടുതുണിയില്ലാതെ
ഡിആർഐ സംഘത്തെ ഇടിച്ച് തെറിപ്പിച്ച സ്വർണക്കടത്ത് വാഹന ഡ്രൈവർ ഫസൽ സംഭവ സ്ഥാലത്ത് നിന്ന് രക്ഷപ്പെട്ടത് ഉടുതുണിയില്ലാതെ. സമീപത്തെ വയലിലൂടെ അടിവസ്ത്രത്തിൽ ഓടിയ ഫസൽ തൊട്ടടുത്ത വീട്ടുടമസ്ഥനെ വിളിച്ചുണർത്തി ഉടുതുണി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇയാളാണ് സ്വർണക്കടത്ത് വാഹനം ഓടിച്ചതെന്ന് ബോധ്യമായത്. ഇയാളുടെ ദൃശ്യങ്ങളും സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.