സൗത്താംപ്ടൺ: ആസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ ആറ് വിക്കറ്റിന്റെ വിജയം നേടി ഇംഗ്ലണ്ട് മൂന്ന് മത്സരമുൾപ്പെട്ട പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 18.5 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (158/4). 54 പന്തിൽ 8 ഫോറും 2 സിക്സും ഉൾപ്പെടെ 77 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന്റെ ചേസിംഗിലെ മുന്നണിപ്പോരാളിയായത്. കഴിഞ്ഞ മത്സരത്തിലെ ടോപ് സ്കോറർ ഡേവിഡ് മലൻ 32 പന്തിൽ 7 ഫോറുൾപ്പെടെ 42 റൺസുമായി ബട്ട്ലർക്ക് മികച്ച പിന്തുണ നൽകി. ഒന്നു വീതം സിക്സും ഫോറും നേടിയ മോയിൻ അലി (6 പന്തിൽ 13) പുറത്താകാതെ നിന്നു. ആഗർ ആസ്ട്രേലിയക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തേ നായകൻ ആരോൺ ഫിഞ്ചും (40), സ്റ്രോയിനിസും (35) ആണ് ആസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇംഗ്ലണ്ടിനായി ജോർദാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് 2 റൺസിന് ജയിച്ചിരുന്നു.