ന്യൂയോർക്ക്: അമ്മയായ ശേഷം കോർട്ടിൽ തിരിച്ചെത്തിയ സൂപ്പർ താരം സെറീന വില്യംസും സ്വെറ്റാന പിറൊങ്കോവയും യു.എസ് ഓപ്പൺ ഗ്രാൻഡ് സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ എത്തി. 2017ലെ ചാമ്പ്യനായിരുന്ന നാട്ടുകാരി സൊലെയ്ൻ സ്റ്റെഫെൻസിനെതിരെ ആദ്യ സെറ്റ് നഷ്ടമാക്കിയ ശേഷമാണ് അടുത്ത രണ്ട് സെറ്റും സ്വന്തമാക്കി സെറീന പ്രീക്വർട്ടറിൽ കടന്നത്. സ്കോർ 2-6, 6-2-6-2. സെറീനയുടെ മകൾ അലക്സിസ് ഒളിമ്പിയ ഒഹാനിയാൻ ആളൊഴിഞ്ഞ ഗാലറിയുടെ അമ്മയുടെ മത്സരം കാണാനുണ്ടായിരുന്നു. ഗ്രീക്ക് താരം മരിയ സക്കാരിയാണ് പ്രീക്വാർട്ടറിൽ സെറീനയുടെ എതിരാളി. മാർഗരറ്റ് കോർട്ടിന്റെ (24) ഏറ്രവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ എന്ന റെക്കാഡിനൊപ്പമെത്താൻ സെറീനയ്ക്ക് ഒരു ഗ്രാൻഡ്സ്ലാം കിരീടം കൂടി മതി. നിലവിൽ 23 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ സെറീന സ്വന്തമാക്കിയിട്ടുണ്ട്.
ഡോണ വെകിക്കിനെ കീഴടക്കിയാണ് ബൾഗേറിയൻ താരം പിറൊങ്കോവ പ്രീക്വാർട്ടർ ഉറപ്പിച്ചത്. നേരിട്ടുള്ള സെറ്റുകളിൽ 6-4, 6-1നായിരുന്നു പിറൊങ്കോവയുടെ വിജയം. അമ്മയായതിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പിറങ്കോവ കോർട്ടിൽ തിരിച്ചെത്തിയത്.
കൊവിഡ് വിവാദം
ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് വനിതാ ഡബിൾസിലെ ഒന്നാം നമ്പർ ജോഡിയായ ക്രിസ്റ്റിന മാൾഡനോവിക്ക് -തിമേയ ബാബ്സ് സഖ്യം ടൂർണമെന്റിൽ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസം കൊവിഡ് പൊസിറ്റീവായ ഫ്രഞ്ച് താരം ബെനോയിറ്റ് പെയറുമായി മാൾഡനോവിക്ക് നേരിട്ട് സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയതിനാലാണ് മാൾഡനോവിക്കിനോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടത്. മാൾഡനോവിക്ക് - തിമേയ സഖ്യം രണ്ടാം റൗണ്ട് മത്സരത്തിന് ഇറങ്ങുന്നതിന് തൊട്ടുമുൻപാണ് മാൾഡനോവിക്കിന് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് കിട്ടിയത്.എന്നാൽ ഇതിനെതിരെ താരം പ്രതിഷേധിച്ചത് സംഭവം വിവാദമാക്കി.
ബൊപ്പണ്ണ സഖ്യം ക്വാർട്ടറിൽ
പുരുഷ സിംഗിൾസിൽ ഇന്തോ - കനേഡിയൻ ജോഡിയായ റോഹൻ ബൊപ്പണ്ണ - ഡെന്നിസ് ഷാപ്പലോവ് സഖ്യം ക്വാർട്ടർ ഫൈനലിലെത്തി. രണ്ടാം റൗണ്ടിൽ ജർമ്മൻ ജോഡിയായ കെവിൻ ക്രീവിയറ്റ്സ്- ആന്ദ്രെയാസ് മിയീസ് സഖ്യത്തെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 4-6,6-3,6-4ന് കീഴടക്കിയാണ് ബൊപ്പണ്ണ സഖ്യം ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.