തിരുവനന്തപുരം:മഹാതപസ്വിയായിരുന്ന ചട്ടമ്പി സ്വാമികൾ ജനിച്ച ഈ പുണ്യഭൂമിയിൽ ഒരു ക്ഷേത്രം ഉയരുകയാണ്.
ഒപ്പം പഠനഗവേഷണ കേന്ദ്രവും. ആരാധനയ്ക്കും അപ്പുറത്ത് ആത്മീയ വിഷയങ്ങളും കലയും സാഹിത്യവും പഠിക്കാനും ഗവേഷണം നടത്താനും ഒരിടം. പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമായ കണ്ണമ്മൂലയിലാണ് അദ്ദേഹത്തിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രവും ഗവേഷണ കേന്ദ്രവും ഉയരുന്നത്. ആത്മീയതയ്ക്ക് പുറമേ ഭാഷയിലും സാഹിത്യത്തിലും കലയിലും ശാസ്ത്രത്തിലും അഗാധ ജ്ഞാനമുണ്ടായിരുന്ന ചട്ടമ്പി സ്വാമികൾക്കുള്ള സമർപ്പണമായി എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയനാണ് ഇവ നിർമ്മിക്കുന്നത്. ജന്മഗൃഹമായ ഉള്ളൂർകോട് വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തോടു ചേർന്ന ഭൂമിയിലാണ് സ്മാരകം. വാസ്തുശാസ്ത്രം അനുസരിച്ച് സുനിൽ പ്രസാദ് രൂപകല്പന നിർവഹിച്ച ക്ഷേത്രത്തിൽ ചട്ടമ്പിസ്വാമികളുടെ വെങ്കല പ്രതിമ പ്രതിഷ്ഠിക്കും. വെട്ടുകല്ലിലാണ് ക്ഷേത്ര നിർമ്മാണം. പ്രതിഷ്ഠയുടെ അവസാന മിനുക്കു പണിയിലാണ് ശില്പി ഷമ്മി പ്രസാദ്. ഗവേഷണ കേന്ദ്രത്തിൽ ചട്ടമ്പിസ്വാമികളുടെ കൃതികളും അവയെ പറ്റിയുള്ള പഠനങ്ങളും അനുബന്ധ ഗ്രന്ഥങ്ങളും, അദ്ദേഹത്തെ കുറിച്ചുള്ള രചനകളും അടങ്ങിയ ലൈബ്രറി ഒരുക്കും. താലൂക്കിലെ കരയോഗങ്ങളിൽ നിന്നും സ്വാമികളുടെ ഭക്തരിൽ നിന്നും സമാഹരിച്ച രണ്ടു കോടി രൂപ മുടക്കിയണ് സ്മാരകം നിർമ്മിക്കുന്നത്.
കഴിഞ്ഞ ജൂൺ 30ന് വിപുലമായ ചടങ്ങിൽ സ്മാരകം സമർപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കൊവിഡും ലോക്ക് ഡൗണും കാരണം നിർമ്മാണം മുടങ്ങി. താമസിയാതെ നിർമ്മാണം പൂർത്തിയാക്കും
''ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലത്ത് ഉചിതമായ സ്മാരകം തന്നെയാണ് സാക്ഷാത്കരിക്കുക''
എം.സംഗീത്കുമാർ, പ്രസിഡന്റ്,
എം.വിനോദ്കുമാർ (മാലി), വൈസ് പ്രസിഡന്റ്
എൻ.എസ്.എസ്. താലൂക്ക് യൂണിയൻ
സ്വാമി വിവേകാനന്ദന്റെ മൊഴി
''ബംഗാൾ മുതൽ കേരളം വരെ സഞ്ചരിച്ചു. കണ്ടുമുട്ടിയ സ്വാമിമാരോടും പണ്ഡിതരോടും ചിന്മുദ്രാരഹസ്യം ചോദിച്ചു. ആർക്കും തൃപ്തികരമായ ഒരുത്തരം തരാൻ കഴിഞ്ഞില്ല. ഇവിടെ ഞാനൊരദ്ഭുത പ്രതിഭയെ കണ്ടുമുട്ടി. ''