കൊല്ലം: എന്നും പിന്നിലെന്ന പഴി യു.ഡി.എഫ് ക്യാമ്പുകൾക്കുണ്ടെങ്കിലും ചവറയുടെ കാര്യമെത്തുമ്പോൾ കാര്യങ്ങളാകെ കറങ്ങിത്തിരിയും. എല്ലാം വേഗത്തിലാക്കി യു.ഡി.എഫ് ക്യാമ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
ഞായറാഴ്ച യു.ഡി.എഫ് ജില്ലാ യോഗം ചേർന്ന് വിജയം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകി. തിങ്കളാഴ്ച തന്നെ ചവറ നിയോജക മണ്ഡലത്തിലും യു.ഡി.എഫ് യോഗം ചേർന്നു. ചുമതലകൾ നിജപ്പെടുത്തി കാര്യങ്ങൾ ചർച്ച ചെയ്തു. രാവിലെ കെ.എം.എം.എൽ ഗസ്റ്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തി സ്ഥാനാർത്ഥി ഷിബു ബേബി ജോണുമായി കൂടിക്കാഴ്ച നടത്തി.
ചെന്നിത്തലയുടെ വരവ് യു.ഡി.എഫ് ക്യാമ്പിനെയും കൂടുതൽ ഉണർത്തിയിട്ടുണ്ട്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് മുതൽ നേതാക്കൾ മണ്ഡലത്തിലെ പ്രാധാന വ്യക്തികളെ സന്ദർശിച്ച് വോട്ട് ഉറപ്പിച്ചു. കൂടാതെ തിരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കാനുള്ള അടിസ്ഥാന പ്രവർത്തനങ്ങളും പൂർത്തിയാക്കി. യു.ഡി.എഫ് നിയോജക മണ്ഡലം യോഗം കൂടി കഴിഞ്ഞതോടെ എല്ലാവരും പ്രവർത്തന സജ്ജരായെന്ന് പറയാം.
യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി അടുത്ത ദിവസങ്ങളിൽ ചേരും. അതുകൂടി കഴിഞ്ഞാൽ വലിയ നേതൃനിര ചവറയിലെത്തും. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇനി വിജ്ഞാപന സമയത്ത് ചവറയെയും കുട്ടനാടിനെയും ഒഴിവാക്കുമോയെന്നൊരു പേടി പല നേതാക്കൾക്കുമുണ്ട്. പക്ഷേ അതിൽ ആധി വേണ്ടെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. ഉടൻ തദ്ദേശവും പിന്നാലെ നിയമസഭയും വരുകയല്ലേ, പ്രചാരണം ഗുണമേ ചെയ്യൂ. അതുകൊണ്ട് ആരും പിന്നോട്ടില്ല, പ്രചാരണത്തിൽ മുന്നോട്ട് തന്നെ.