SignIn
Kerala Kaumudi Online
Tuesday, 20 October 2020 8.54 AM IST

കേരളം ലഹരിയുടെ ഹബ്ബോ...?മൂന്നിടത്ത് കഞ്ചാവ് ഗോഡൗൺ!! കാലി ലോറിയും സിമന്റ് പൊടിയും തമ്മിലുണ്ട് 'ഇഴപിരിയാത്ത' ബന്ധം

ganjav

തിരുവനന്തപുരം: നാടെങ്ങും കൊവിഡ് ഭീതിയിലായതിന്റെ മറവിൽ കഞ്ചാവും മയക്കുമരുന്നും കേരളത്തിലെത്തിച്ച് കോടികൾ കൊയ്യുകയാണ് ലഹരി മാഫിയകൾ. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടികളുടെ കഞ്ചാവ് പിടികൂടിയിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ നിന്ന് 500 കിലോ ക‍ഞ്ചാവ് കൂടി എക്സൈസ് പിടികൂടിയതോടെ സംസ്ഥാനത്തേക്ക് ലഹരിവസ്തുക്കൾ കടത്തുന്ന മാഫിയ സംഘങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്ന രാജു ഭായ് എന്ന പഞ്ചാബ് സ്വദേശിയാണ് കഴിഞ്ഞദിവസം ആറ്റിങ്ങലിൽ പിടിയിലായ കഞ്ചാവ് കടത്തിന് പിന്നിലെ അന്തർ സംസ്ഥാന കണ്ണി. തൃശൂർ സ്വദേശി സെബു മുഖാന്തിരം ഇയാൾ കേരളത്തിലേക്ക് കടത്തുന്ന കഞ്ചാവ് വടകര സ്വദേശി ആബേഷ്, ചിറയിൻകീഴ് സ്വദേശി ജയൻ എന്നിവർ മുഖേനെയാണ് വിറ്റഴിക്കുന്നത്.

കഞ്ചാവുമായി അതിർത്തി കടന്നെത്തുന കണ്ടെയ്‌നർ ലോറികൾക്ക് സഹായം നൽകുന്നത് ജിതിൻ രാജ് എന്നയാളാണ്. ഇന്നലെ കഞ്ചാവ് പിടികൂടിയത് മുതൽ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും എക്‌സൈസ് കണ്ടെത്തി.

അതേസമയം ഇങ്ങനെയെത്തുന്ന കഞ്ചാവ് സൂക്ഷിക്കാൻ മൂന്ന് ജില്ലകളിൽ ഗോഡൗൺ പ്രവർത്തിക്കുന്നുവെന്നും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഗോഡൗണിലാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് എക്‌സൈസ് നടത്തുന്നത്.

ഇടുക്കി ഗോൾഡിന്റെ കാലം കഴിഞ്ഞോ..?

ഇടുക്കി ഗോൾഡെന്ന് അറിയപ്പെട്ടിരുന്ന നാടൻ കഞ്ചാവിന്റെ കാലം കഴി‍ഞ്ഞതോടെ ആന്ധ്രയിൽനിന്നും ഒഡീഷയിൽ നിന്നുമാണ് കേരളത്തിൽ ഇപ്പോൾ ഏറെയും ക‍ഞ്ചാവെത്തുന്നത്. ആന്ധ്രയിൽ കഞ്ചാവിന് ഒരു സ്മാർട്ട് ഫോണിന്റെ വില പോലുമില്ല. 3000 രൂപയ്ക്ക് ഒരുകിലോ ഫസ്റ്റ് ക്വാളിറ്റി കഞ്ചാവ് കിട്ടും. കേരളത്തിലെത്തിച്ച് ഗ്രാമിന് 500 രൂപാ നിരക്കിൽ ചില്ലറ വിൽപ്പന നടത്തുമ്പോൾ ലക്ഷങ്ങളാണ് ലാഭം.

കോഡ് 'ട്രോളിമൂവിംഗ്'

കൊവിഡിനെ തുടർന്ന് ട്രെയിൻ,​ ബസ് സർവീസുകൾ നിലച്ചതോടെ ആഡംബരവാഹനങ്ങളിലും ചരക്ക് വാഹനങ്ങളിലുമൊളിപ്പിച്ചാണ് ഇപ്പോൾ കടത്ത്. അന്തർ സംസ്ഥാന ബസ് സർവീസുകൾക്ക് വിലക്ക് നീങ്ങിയതോടെ ബസുകളിലും കടത്ത് തുടങ്ങിയിട്ടുണ്ട്. ദീർഘദൂര ബസുകളിലെ കടത്തിന് കൃത്യമായ രീതിയുണ്ട്. ട്രോളി ബാഗ് കണക്കിലാണ് കഞ്ചാവിന്റെ പായ്ക്കിംഗ്. 2 കിലോ വീതമുള്ള 5 പായ്ക്കറ്റുകളാണ് ഒരു ബാഗിൽ കയറ്റുക. കഞ്ചാവ് കടത്തിനും നീക്കുപോക്കിനും ‘ട്രോളി മൂവിംഗ് ’ എന്ന രഹസ്യ കോഡാണ് കടത്തുകാർ ഉപയോഗിക്കുന്നത്. ആന്ധ്രയിൽ നിന്ന് തമിഴ്നാട്ടിലെത്തും വരെ കഞ്ചാവ് കടത്തിന് സുരക്ഷാ ഭീഷണികളില്ല. ദീർഘദൂര ആഡംബര ബസുകളിൽ പരിശോധനയില്ലാത്തതിനാൽ പേടി വേണ്ട. ചില സ്വകാര്യ ട്രാവത്സുകാർ ആളില്ലാതെ ലഗേജ് മാത്രം തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് അയയ്ക്കാറുണ്ട്. ഇത്തരം വണ്ടികളാണ് കഞ്ചാവ് സംഘത്തിന്റെ ആശ്രയം.

അന്യസംസ്ഥാന തൊഴിലാളികളുടെ 'ഗൾഫായ' കേരളത്തിൽ അവരെ ലക്ഷ്യമാക്കിയായിരുന്നു ഏതാനും വർഷങ്ങൾക്ക് മുമ്പ് കഞ്ചാവ് കടത്ത് തുടങ്ങിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ആവരുടെ ആവശ്യത്തിനുള്ള കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ഉപയോഗിക്കുന്നതായിരുന്നു രീതി. എന്നാൽ കേരളത്തിൽ വിദ്യാ‌ർത്ഥികളുൾപ്പെടെ യുവതലമുറ നല്ലൊരു ശതമാനം ഇതിന് അടിമകളായതോടെ അന്യസംസ്ഥാന തൊഴിലാളികളേക്കാൾ മലയാളികളെ ഉദ്ദേശിച്ചാണ് ഇപ്പോൾ ക‍ഞ്ചാവെത്തുന്നത്.


വെട്ടിത്തുറക്കുന്ന പുതുവഴികൾ

ലഹരി കടത്തിന്റെ വഴികൾ ഓരോന്നായി എക്സൈസും പൊലീസും കണ്ടെത്തുമ്പോൾ പുതുവഴികൾ വെട്ടിത്തുറക്കുകയാണ് മാഫിയാസംഘം. പുതുതലമുറ കാറുകളാണ് ഇപ്പോൾ കടത്തുകാരുടെ ഇഷ്ടവാഹനങ്ങൾ. അവയ്ക്കുള്ളിലെ സുരക്ഷാപരിഷ്കാരങ്ങൾ മുതലെടുത്താണ് കടത്ത്. പുതുതലമുറയിൽപെട്ട ആഡംബര കാറുകളിൽ സുരക്ഷ ഉറപ്പാക്കാൻ ഡബിൾ പാനൽ ഡോറുകളാണുള്ളത്. ഇതിന്റെ പുറത്തെയും ഉള്ളിലേയും തകിടുകൾക്കിടയിൽ അറപോലുള്ള ഭാഗത്താണ് കഞ്ചാവും ഹാഷിഷും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഒളിപ്പിച്ച് കടത്തുന്നത്. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ഇത് കണ്ടെത്താനാവില്ല.ഇക്കാര്യം എക്സൈസ്, പൊലീസ് സംഘത്തിന് മനസിലായിട്ടുണ്ടെങ്കിലും പെട്ടെന്ന് കണ്ടെത്താനാവുന്നില്ല എന്നതാണ് വെല്ലുവിളി.

കഴിഞ്ഞ മാർച്ചിൽ വാളയാർ ചെക്ക് പോസ്റ്റിൽ ആൾട്ടോ കാറിൽ നാല് ഡോറുകൾക്കുള്ളിലായി ഒളിപ്പിച്ച് കടത്തിയ 36.5 കിലോ ഹാഷിഷ് ഓയിൽ പിടികൂടിയതായിരുന്നു ആദ്യസംഭവം. പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസും എക്സൈസും പിടികൂടിയ നിരവധി കേസുകളിൽ വാഹനത്തിന്റെ ഡോറുകളിൽ ഒളിപ്പിച്ച് കടത്തിയ ലഹരി വസ്തുക്കൾ കണ്ടെത്തി. പാനലുകൾ ഇളക്കി ലഹരി വസ്തുക്കൾ അതിനുള്ളിൽ ഒളിപ്പിച്ചശേഷം ഡോറുകൾ പൂർവ സ്ഥിതിയിലാക്കുന്നതിന് ടൂൾ കിറ്റും കടത്തുകാരുടെ പക്കൽ എപ്പോഴുമുണ്ടാവും. സ്പിരിറ്റ് കള്ളക്കടത്തും മറ്റും വ്യാപകമായിരുന്ന സമയത്ത് വാഹനങ്ങളിൽ രഹസ്യ അറ നിർമ്മിച്ചായിരുന്നു കടത്ത്. എന്നാൽ, ആഡംബര വാഹനങ്ങളുടെ കടന്നുവരവോടെ അവയുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളോരോന്നും ലഹരി കടത്തിനുള്ള മറയാക്കുകയാണ് മാഫിയാസംഘം.

അത്തറുപൂശിയെത്തും

രണ്ടുകിലോയുടെ ഒരു പൊതിക്ക് ഒരു പാഴ്സൽ എന്നാണ് കഞ്ചാവു കച്ചവടക്കാർക്കിടയിലെ പേര്. കൃത്യമായിരിക്കും തൂക്കം. ഹോളോബ്രിക്‌സ് രൂപത്തിൽ ഇടിച്ചു കട്ടയാക്കി ബ്രൗൺ കടലാസിൽ പൊതിഞ്ഞ് ഗന്ധം പുറത്തുവരാതിരിക്കാൻ സുഗന്ധദ്രവ്യം പൂശിയാണ് പാഴ്സൽ തയ്യാറാക്കുന്നത്. വാഹനങ്ങളുടെ കാബിനിലും ബോഡിയുടെ അടിയിലും രഹസ്യ അറകളിൽ ഒളിപ്പിച്ചാണ് കടത്ത്. കാലി ലോറിയിൽ കുറച്ചു സിമന്റ് തൂവിയിരിക്കും. പിടിച്ചാൽ സിമന്റ് ലോഡ് ഇറക്കിയിട്ട് വരുന്നു എന്നു പറഞ്ഞ് രക്ഷപ്പെടും. ലോഡുമായി വരുന്ന ലോറികളാണ് ചെക്ക് പോസ്റ്റുകളിൽ സാധാരണഗതിയിൽ പരിശോധിക്കാറുള്ളത്. സ്വാഭാവികമായും കാലി ലോറികൾ രക്ഷപ്പെടും. കഴിഞ്ഞ ദിവസം ആറ്റിങ്ങലിലും കാലിലോറിയാണ് കഞ്ചാവ് കടത്തിന് ഉപയോഗിച്ചത്.

ദിണ്ടിഗലിലെ കഞ്ചാവ് അക്കൻ

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ കഞ്ചാവ് ‘അക്ക’നെ അറിയാത്തവരില്ല. ദിണ്ടിഗൽ, കമ്പം മേഖലകളിൽ നിന്ന് കേരളത്തിലെ ‘തമ്പി’മാർക്ക് കഞ്ചാവ് നൽകുന്ന ഹോൾസെയിൽ വനിതാ ഡീലറാണ് കഞ്ചാവ് അക്കൻ. പതിവുകാർക്ക് കിലോഗ്രാമിന് 8000 രൂപയ്ക്കാണ് വിൽപ്പന. സാധനം കേരളത്തിലെത്തിച്ച് ചില്ലറ വിൽപ്പനക്കാരിലൂടെ ആവശ്യക്കാരിലെത്തുമ്പോൾ ഏഴും എട്ടും ഇരട്ടിയാകും വില. ഇവരുടെ കഞ്ചാവ് വാങ്ങാൻ എത്തുന്നവർക്ക് പണത്തിനൊപ്പം നല്ല ധൈര്യവും വേണം. ബൈക്കിലോ കാറിലോ എത്തുന്നവരെ അക്കന്റെ അനുയായികൾ മറ്റൊരു വണ്ടിയിൽ ഉൾഗ്രാമത്തിലേക്ക് കൊണ്ടുപോകും. സംഘമായാണ് വരവെങ്കിൽ ഒരാളെയെ കൊണ്ട‍‌ുപോകൂ. രണ്ടാമൻ വണ്ടിസഹിതം അനുയായികളുടെ ‘കസ്റ്റഡിയിലാകും.’ ഒന്നാമൻ പണം കൊടുത്ത് കഞ്ചാവുമായി തിരിച്ചെത്തിയാലെ രണ്ടാമനെ വിട്ടയയ്ക്കൂ. ചില കോളനികൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് സംഭരണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, GANAJAV, ATTINGAL GANJAVA CASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.