മലപ്പുറം: രാത്രിയിൽ കൊവിഡ് രോഗികളെ കൊണ്ടുവരുന്നതിന് നിയന്ത്രണമേർപ്പെടുത്തിയതോടെ പകൽ തീരാ ഓട്ടപ്പാച്ചിലിലാണ് ജില്ലയിലെ 108 ആംബുലൻസുകൾ. പത്തനംതിട്ടയിൽ കൊവിഡ് രോഗിയായ പെൺകുട്ടി പീഡനത്തിന് ഇരയായതിന് പിന്നാലെ അടിയന്തര കേസുകളിൽ മാത്രം രാത്രി സർവീസ് മതിയെന്ന നിർദ്ദേശം ജില്ലയിലെ 108 ആംബുലൻസ് ഡ്രൈവർമാർക്ക് നൽകിയിട്ടുണ്ട്. രാത്രി സ്ത്രീകളെ കൊണ്ടുവരുമ്പോൾ ആംബുലൻസിൽ സ്ത്രീ നഴ്സുണ്ടാവണം. കഴിഞ്ഞ ദിവസം മുതൽ രാത്രി രോഗികളെ കൊണ്ടുവരുന്നത് കുറഞ്ഞു.
മഞ്ചേരി മെഡിക്കൽ കോളേജിലെ ആർ.ടി.പി.സി.ആർ പരിശോധനാ ഫലങ്ങൾ ഉച്ചയ്ക്ക് രണ്ടിന് ശേഷമാണ് പുറത്തുവിടുന്നത്. കൊണ്ടുവരേണ്ട രോഗികളുടെ ലിസ്റ്റ് ഒരുമിച്ചാണ് 108 ആംബുലൻസുകൾക്ക് കൈമാറുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ മിക്ക ദിവസങ്ങളിലും 250നും 400നുമിടയിൽ ആളുകളെ മഞ്ചേരി മെഡിക്കൽ കോളേജ്, പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ എന്നിവിടങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. ജില്ലയിലാകെ 32 എണ്ണം 108 ആംബുലൻസുകളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 17 ആംബുലൻസുകളും മാത്രമാണ് കൊവിഡ് സർവീസ് നടത്തുന്നത്. നേരത്തെ സന്നദ്ധ സംഘടന നൂറ് ആംബുലൻസുകൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും തുടർനടപടിയായില്ല. ഗുരുതര രോഗികളെയും അപകട സാദ്ധ്യത കൂടിയവരെയും മഞ്ചേരി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയുടെ തീരപ്രദേശങ്ങളിൽ നിന്നും മലയോരങ്ങളിൽ നിന്നും മഞ്ചേരിയിലേക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ആംബുലൻസുകളുടെ കുറവും രോഗികളുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചതും മൂലം ആംബുലൻസിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. നിലവിൽ ഒരു ട്രിപ്പിൽ മുതിർന്നവരെങ്കിൽ ആറുപേരെയും കുട്ടികളുണ്ടെങ്കിൽ ഒമ്പത് പേരെയും വരെ കൊണ്ടുപോകുന്നുണ്ട്. നേരത്തെ ഒരാളെ മാത്രമായിരുന്നു ഒരുസമയം കൊണ്ടുവന്നിരുന്നത്. സമീപപ്രദേശങ്ങളിലെ രോഗികളെ ഒന്നിച്ചു കൊണ്ടുവരികയാണിപ്പോൾ. മഞ്ചേരി മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചുള്ള 108 ആംബുലൻസുകൾക്ക് ദിവസം 15ന് മുകളിൽ ട്രിപ്പുകൾ വരെ നടത്തേണ്ടിവരുന്നുണ്ട്. സമയം വൈകിയതിനെ ചൊല്ലി രോഗികളുടെ ബന്ധുക്കളും ആംബുലൻസ് ഡ്രൈവർമാരും തമ്മിൽ തർക്കങ്ങൾ പതിവായിട്ടുണ്ട്. കൂടുതൽ ആംബുലൻസ് സർവീസുകൾ തുടങ്ങണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതിൽ യാതൊരു നടപടിയും തുടങ്ങിയിട്ടില്ല.
അസുഖം ഭേദമായാൽ സ്വയംപോവണം
രോഗബാധിതരുടെ എണ്ണം കൂടിയതോടെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യുന്നവരെ വീട്ടിലെത്തിക്കുന്നതിനായി 108 ആംബുലൻസുകൾ സർവീസ് നടത്തുന്നില്ല. സ്വന്തം നിലയ്ക്ക് പോവാനാണ് അധികൃതരുടെ നിർദ്ദേശം. സാമ്പത്തികമായി പിന്നാക്കമുള്ളവരെയും ഒരേപ്രദേശത്തേക്ക് തന്നെ അഞ്ചിലധികം പേരുമുണ്ടെങ്കിലും മാത്രം സർവീസ് നടത്തും.