നല്ല വാർത്തകൾ എന്നും കേൾക്കാറില്ല. കഴിഞ്ഞ ദിവസം കേട്ട ഏറ്റവും സന്തോഷമുളവാക്കുന്ന വാർത്ത എസ്.പി. ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായതാണ്. ഇന്ത്യയൊട്ടാകെയുള്ള സംഗീതപ്രേമികളുടെ പ്രാർത്ഥനയുണ്ടായിരുന്നു അതിനു പിന്നിൽ. കടലിന്റെ സംഗീതവും മഴയുടെ ഈണവും കാറ്റിന്റെ ശ്രുതിമാറ്റങ്ങളും സ്വന്തമാക്കിയ പാട്ടുകാരൻ ആയതുകൊണ്ടു മാത്രമായിരുന്നില്ല ആ പ്രാർത്ഥന. പാട്ടുപോലെ സ്വരശുദ്ധിയാർന്ന അദ്ദേഹത്തിന്റെ പെരുമാറ്റവും അതിനു കാരണമായിരുന്നു. പ്രതിഭാശാലികളായ മറ്റുള്ളവരെ അംഗീകരിക്കാനും ആദരിക്കാനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. തിരുവനന്തപുരം വി.ജെ.ടി ഹാളിൽ ഏറെ വർഷങ്ങൾക്കുമുമ്പ് ഒരു ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം 'അകലെയകലെ നീലാകാശം...' എന്ന ഗാനം പാടിയതോർക്കുമ്പോൾ ഇപ്പോഴും ഞാൻ ആവേശഭരിതനാക്കുന്നു. ''യേശുദാസ് വന്ത് പെരിയ സിംഗർ. അവർ പാടൽമാതിരി ഇന്ത സോംഗ് എനക്ക് പാടാൻ തെരിയാത്. ആനാലും ട്രൈ പണ്ണലാം" എന്ന ആമുഖം പറഞ്ഞ ശേഷം, അകലേ... എന്ന് നീട്ടിപ്പാടിയതും വി.ജെ.ടി ഹാൾ കരഘോഷം കൊണ്ടു നിറഞ്ഞു. നിലയ്ക്കാത്ത ആ കൈയടി ഏറ്റുവാങ്ങാനായതിലുള്ള സന്തോഷം, നിറഞ്ഞ ചിരിയായി പ്രകാശിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തുടർന്നു പാടിയത്.
ആന്ധ്രയിൽ ജനിച്ചുവളർന്ന ബാലു എന്ന എസ്.പി.ബാലസുബ്രഹ്മണ്യം തമിഴകത്തിന്റെ സ്വന്തം പാട്ടുകാരനാണ്. നാല് ദശാബ്ദക്കാലം ശിവാജി ഗണേശന്റെയും എം.ജി.ആറിന്റെയും ശബ്ദമായിരുന്ന പി.എം. സൗന്ദരരാജൻ തമിഴകത്തിന്റെ ഭൂമിയിലും ആകാശത്തും നിറഞ്ഞുനിൽക്കുമ്പോഴാണ് അനുരാഗത്തിന്റെ ആർദ്രതയും പെരുമഴയുടെ മുഴക്കവുമുള്ള നാദവുമായി ബാലു തമിഴകത്തിന്റെ ഹൃദയം കവർന്നത്. 'ആയിരം നിലവേ വാ...' എന്ന പാട്ടാണ് തമിഴിൽ ആദ്യം പുറത്തുവന്ന എസ്.പി. ബിയുടെ ചലച്ചിത്രഗാനം. കെ.വി. മഹാദേവൻ ഈണം പകർന്ന ആ ഗാനം ഒറ്റ രാത്രികൊണ്ട് തമിഴകത്തെ ഇളക്കിമറിച്ചു. അതോടെ തമിഴ് സിനിമയുടെ കാതലനായി മാറുകയായിരുന്നു എസ്.പി.ബാലസുബ്രഹ്മണ്യം. എം.ജി ആറും ജയലളിതയും തകർത്തഭിനയിച്ച അടിമപ്പെൺ എന്നചിത്രത്തിലെ ആ ഗാനം പാടാൻ അവസരം ഒരുക്കിയതും തമിഴകം അടക്കിവാണ എം.ജി. ആറായിരുന്നു. പക്ഷേ, ഗാനം റെക്കാഡ് ചെയ്യേണ്ട സമയമായപ്പോഴേക്കും എസ്.പി.ബി പനിപിടിച്ചു കിടപ്പിലായി. മറ്റാരെങ്കിലും അത് പാടും എന്നോർത്ത് ഏറെ വിഷമിച്ചു. ഒരു മാസം കഴിഞ്ഞ് രോഗമുക്തനായ അദ്ദേഹം പാട്ടിനെക്കുറിച്ച് അന്വേഷിച്ചു. റെക്കാഡിംഗ് നടന്നിരുന്നില്ല, യുവഗായകനായ ബാലസുബ്രഹ്മണ്യത്തിനായി കാത്തിരിക്കാനായിരുന്നു എം.ജി.ആറിന്റെ നിർദ്ദേശം. പിറ്റേന്നുതന്നെ അദ്ദേഹം എം.ജി.ആറിനെ സന്ദർശിച്ചു.
''തമ്പീ നീ എന്റെ പടത്തിൽ പാടാൻ പോണ കാര്യം എല്ലാവരോടും പറഞ്ഞിരിക്കും. സുഹൃത്തുക്കൾ, ബന്ധുക്കൾ എല്ലാം ആ പാട്ടുകേൾക്കാൻ എന്ത് താത്പര്യത്തോടെയായിരിക്കും കാത്തിരിക്കുക. അവരെയും നിന്നെയുമെല്ലാം നിരാശപ്പെടുത്താൻ എനിക്കു തോന്നിയില്ല. അതുകൊണ്ടാണ് നിനക്കു പകരക്കാരനായി വേറെ ആരെയും പാടാൻ വെയ്ക്കാതെ റെക്കോഡിംഗ് രണ്ടുമാസത്തേക്ക് നീട്ടിവച്ചത്.''- എന്നായിരുന്നു എം.ജി.ആറിന്റെ പ്രതികരണം. അതുകേട്ട് ബാലസുബ്രഹ്മണ്യത്തിന്റെ കണ്ണുനിറഞ്ഞു. വിവിധ ഭാഷകളിൽ നാല്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച എസ്.പി.ബി തമിഴ് നാട്ടുകാരനാണ് എന്നുതന്നെയും ആസ്വാദകർ വിശ്വസിക്കുന്നുണ്ട്. അത്രയ്ക്ക് സ്വന്തമാണ് തമിഴ് മക്കൾക്ക് എസ്.പി.ബി. ഒരു ദിവസം 17 പാട്ടുകൾ വരെ പാടിയ ചരിത്രവും അദ്ദേഹത്തിന് സ്വന്തം.
ഗായകൻ എന്നതോടൊപ്പം സംഗീത സംവിധായകനായും നടനായും നിർമ്മാതാവായും അദ്ദേഹം വിളങ്ങി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായിരുന്നു അദ്ദേഹം പാടിയത്.
ജീവിതത്തിൽ ആദ്യമായി എനിക്ക് ഒരാളോട് ആരാധന തോന്നിയത് ശങ്കരാഭരണം എന്ന സിനിമ കണ്ടിറങ്ങുമ്പോഴാണ്. ക്ലാസിക് സംഗീതത്തെ ജനകീയമാക്കിയ ആ സിനിമയിലെ ഗാനങ്ങൾ പ്രത്യേകിച്ചും 'ശങ്കരാ…നാദശരീരാ പരാ വേദവിഹാരാ ഹരാ ജീവേശ്വരാ...' എന്നു തുടങ്ങുന്ന ഗാനം എന്നെ ശരിക്കും തകിടം മറിക്കുകയായിരുന്നു. മഴയ്ക്കൊപ്പം നിറഞ്ഞുപെയ്ത ആ ഗാനം ഇടിമുഴക്കമായും പേമാരിയായും കടൽക്ഷോഭമായും ഉരുൾപൊട്ടലായും എല്ലാം കഴിഞ്ഞുള്ള പരമ ശാന്തിയായും മനസിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു. കുട്ടിക്കാലം മുതൽ എന്റെ ഇളയമകൻ ആദിത്യവിനായക് ആ പാട്ട് ഗൂഗിളിൽ തിരഞ്ഞുപിടിച്ച് ആവർത്തിച്ചു കേൾക്കുന്നതു കണ്ടപ്പോൾ ഞാൻ പിന്നെയും അമ്പരന്നു. തലമുറകളെ സംഗീതത്തിന്റെ ആനന്ദസാഗരത്തിലേക്കു മാടിവിളിക്കുന്ന എസ്.പി.ബി തമിഴകത്ത് നിറയാൻ തുടങ്ങുമ്പോൾ നേരിട്ടതു പോലെയുള്ള പ്രയാസത്തിലാണിപ്പോൾ അദ്ദേഹം. പൂർണാരോഗ്യത്തോടെ വന്നു വീണ്ടും പാടുന്ന പാട്ട് തലമുറകളെ കീഴ്പ്പെടുത്തുന്ന സൂപ്പർഹിറ്റാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 'ശങ്കരാഭരണ'ത്തിലെ ഗാനങ്ങളിലൂടെ ആന്ധ്രയെയും തമിഴകത്തെയും ഒപ്പം കേരളത്തെയും ഇളക്കിമറിച്ച എസ്.പി.ബി ഈ ചിത്രത്തിലൂടെ മികച്ച ഗായകനുള്ള ദേശീയ അവാർഡും നേടിയിരുന്നു.
മണ്ണിൽ ഇന്ത കാതലണ്ട്രി...എന്ന ഗാനം ആർക്കാണ് മറക്കാനാവുക. അനുരാഗത്തിന് മഴയുടെ സംഗീതം ചാലിച്ച ആ പാട്ട് വെള്ളിത്തിരയിലും പശ്ചാത്തലത്തിലും പാടിയത് എസ്.പി. ബിയാണ്. ഈണങ്ങളുടെ ഈശ്വരനായ ഇളയരാജ ഈണം പകർന്ന ആ ഗാനം തമിഴകത്തിന്റെ നാടൻതനിമ ചാലിച്ചതായിരുന്നു. ശ്വാസം വിടാതെ പാടിയ ഈ ഗാനം അദ്ദേഹത്തിന്റെ പരീക്ഷണ ഗാനങ്ങളുടെ പട്ടികയിലുള്ളതുമാണ്. പ്രണയമില്ലാതെ എങ്ങനെ ഈ ഭൂമി നിലനിൽക്കുമെന്ന അർത്ഥത്തിലൂടെ ആരംഭിക്കുന്ന പാട്ടിന്റെ വരികളും ഏറെ ഹൃദ്യം. പാട്ടു തരുന്ന കാല്പനിക മാന്ത്രികതയ്ക്കൊപ്പം അതിനുപയോഗിച്ച വാദ്യോപകരണങ്ങളും പ്രണയം നിറഞ്ഞ മനസോടെ ഒപ്പം നടന്നു. ഏതുകാലത്തും എസ്.പി.ബാലസുബ്രഹ്മണ്യത്തിനൊപ്പം സംഗീതപ്രേമികൾക്ക് യാത്ര ചെയ്തേ പറ്റൂ. അതിനാൽ വീണ്ടും വരണം. ഹൃദയങ്ങളുടെ പാട്ടുകാരൻ എസ്.പി.ബാലസുബ്രഹ്മണ്യം. നമുക്കായി വീണ്ടും പാടാൻ.