കോട്ടയം: കൊറിയർ സ്ഥാപനത്തിൽ കവർച്ച നടത്തിയ കേസിൽ പിടിയിലായ ഷൈമോൻ മദ്ധ്യകേരളത്തിലെ കഞ്ചാവ് മൊത്തവിതരണക്കാരനെന്ന് പൊലീസ്. ആന്ധ്രയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ , എറണാകുളം ജില്ലകളിലേയ്ക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത് ഇയാളാണ്. കഴിഞ്ഞ വർഷം തിരുനക്കര ഭാഗത്തെ കൊറിയർ സർവീസ് സ്ഥാപനത്തിൽ ആക്രമണം നടത്തി കുരുമുളക് സ്പ്രേ പ്രയോഗിച്ച് ഒരു ലക്ഷം രൂപ കവർന്ന കേസിലാണ് ഷൈമോനെ പൊലീസ് പിടികൂടിയത്. അമ്മായിയമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയത് അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് സംക്രാന്തി മുടിയൂർക്കര തേക്കിൻപറമ്പിൽ വീട്ടിൽ ഷൈൻ ഷാജി എന്ന ഷൈമോൻ (30).
ഗുണ്ടകൾക്ക് തണലേകി
കഞ്ചാവ് മാഫിയ തലവനായിരുന്ന നീണ്ടൂർ സ്വദേശി ജോർജുകുട്ടി ജയിലിലായതോടെ മുൻപ് അയാളുടെ വലംകൈയായിരുന്ന ഷൈമോൻ ആ റോൾ ഏറ്റെടുക്കുകയായിരുന്നു. ആന്ധ്രയിലെ വിവിധ ജില്ലകളിൽ സജീവമായ ഷൈമോൻ, കൊറിയർ സ്ഥാപനത്തിൽ മോഷണം നടത്തിക്കിട്ടിയ തുക കഞ്ചാവ് മാഫിയ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു. ആന്ധ്രയിലെ കഞ്ചാവ് പാടങ്ങൾ മൊത്തത്തിൽ വാങ്ങുകയാണ് ഷൈമോൻ ആദ്യം ചെയ്തത്. വിളവിന് കിലോയ്ക്ക് 2000 രൂപ മാത്രമാണ് കർഷർക്ക് നൽകിയിരുന്നത്. മലയാളികളായ മൊത്ത വിതരണക്കാർക്ക് വിറ്റിരുന്നത് 7000 രൂപയ്ക്കും. മദ്ധ്യകേരളത്തിൽ ഏതെങ്കിലും ക്രിമിനൽക്കേസിൽ പ്രതിയാകുന്ന ഗുണ്ടകളുടെയെല്ലാം പ്രധാന ഒളിത്താവളം ഷൈമോന്റെ വാസസ്ഥലങ്ങളായിരുന്നു.
ആഴ്ചയിൽ എത്തുന്നത് നൂറു കിലോ
ആഴ്ചയിൽ നൂറു കിലോ കഞ്ചാവാണ് മാഫിയ സംഘം ജില്ലയിൽ എത്തിച്ചിരുന്നത്. ലോക്ക് ഡൗൺ സമയത്ത് നീണ്ടൂരിലെ കോളനിയിൽ 160 കിലോ കഞ്ചാവ് സംഘം ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം അറിഞ്ഞ് എക്സൈസും പൊലീസും എത്തിയെങ്കിലും പിടികൂടാനായില്ല. ഇതിനു ശേഷം ഏറ്റുമാനൂരിലെ ഗുണ്ടാ സംഘങ്ങൾക്കായി എത്തിച്ച 60 കിലോ കഞ്ചാവും കടുത്തുരുത്തിയിൽ നിന്ന് മറ്റൊരു 60 കിലോയും മാത്രമാണ് അധികൃതർക്ക് പിടികൂടാൻ കഴിഞ്ഞത്.