കോട്ടയം: ജില്ലയിലെയും ആംബുലൻസ് ഡ്രൈവർമാരുടെ പശ്ചാത്തലം അന്വേഷിക്കാൻ ജില്ലാ കളക്ടറുടെ നിർദേശം. 108 ആംബുലൻസുകൾക്കൊപ്പം സ്വകാര്യ ആംബുലൻസ് ഡ്രൈവർമാരുടേയും കുറ്റകൃത്യ പശ്ചാത്തലമുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചുള്ള ആംബുലൻസ് അടക്കമുള്ള വാഹനങ്ങളുടെ ഡ്രൈവർമാരിൽ കുഴപ്പക്കാരില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
പത്തനംതിട്ടയിൽ കൊവിഡ് രോഗി പീഡനത്തിന് ഇരയായതിനെ തുടർന്നാണ് ഡ്രൈവറുടെ പശ്ചാത്തലവും തിരക്കുന്നത്. നിലവിൽ കൊവിഡ് ഡ്യൂട്ടിക്ക് 108 ആംബുലൻസുകളും സ്കൂൾ ബസുകളാണ് നിയോഗിച്ചിട്ടുള്ളത്. 108 ആംബുലൻസിലെ ഡ്രൈവർമാർ പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് ഉള്ളവരാണ്. സ്കൂൾ ബസുകൾ ഓടിക്കുന്നത് കെ.എസ്.ആർ.ടി.സിയിലെ എംപാനൽ ജീവനക്കാരും. സ്വകാര്യ ആശുപത്രികളുടെ ആംബുലൻസുകൾക്ക് പുറമേ സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവയും സർവീസ് നടത്തുന്നുണ്ട്.ഇവ ആർ.ടി.ഒയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ടെൻഷൻ വേണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അതേസമയം മോട്ടോർ വാഹന ചട്ടം ലംഘിച്ചതിന് കഴിഞ്ഞ ദിവസം 12 ആംബുലൻസുകൾക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാൽ ആംബുലൻസുകൾ വഴിയിൽ തടഞ്ഞുള്ള പരിശോധന പ്രായോഗികമല്ല. ഇതിനാൽ ഉടമകളുടെ യോഗം വിളിക്കാനും ആലോചനയുണ്ട്.
അരുത്
അനാവശ്യമായി സൈറണടിക്കടുത്
ചില്ലിൽ കൂളിംഗ് ഫിലിം പതിക്കടുത്
രാത്രി യാത്ര ഒഴിവാക്കും
ജില്ലയിൽ കഴിവതും കൊവിഡ് രോഗികളുമായി 108 ആംബുലൻസിൽ രാത്രി യാത്ര ഒഴിവാക്കും. എമർജെൻസി മെഡിക്കൽ ടെക്നീഷ്യൻമില്ലാതെയുള്ള യാത്ര വേണ്ടെന്നും നിർദേശമുണ്ട്.
.......................
'' ഡി.എം.ഒയോടും ജില്ലാ പൊലീസ് മേധാവിയോടും ഇക്കാര്യത്തിൽ വേണ്ട ഇടപെടലുകൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കും''
എം.അഞ്ജന, കളക്ടർ
'' ജില്ലയിൽ108 ആംബുലൻസുകൾ 17 എണ്ണമുണ്ട്. ഡ്രൈവർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരുടേയും പശ്ചാത്തലം പരിശോധിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചിട്ടില്ല''
ഡോ.വ്യാസ് സുകുമാരൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ.