കാസർകോട്: ഉദുമയുടെ സമീപത്ത് താമസിക്കുന്ന 25 കാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്നരംഗങ്ങൾ പകർത്തിയ കേസിൽ അന്വേഷണം ഊർജിതമാക്കാൻ പര്യാപ്തമായ തെളിവുകൾ ലഭിച്ചില്ലെന്ന് പൊലീസ്.
യുവതിയുടെ പരാതിയിൽ സുബൈൽ, അബ്ദുൽറഹ്മാൻ, മുനീർ, ആസിഫ്, അഷ്രഫ് എന്നിവർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. ഇപ്പോൾ പ്രതികളായ അഞ്ചുപേർക്ക് പുറമെ പതിനെട്ടുപേർ കൂടി തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞിരുന്നു. ഇവരുടെ പേരുവിവരങ്ങളും യുവതി വെളിപ്പെടുത്തി. പിന്നീട് യുവതി കോടതിയിൽ രഹസ്യമൊഴി നൽകി. ഈ മൊഴിയുടെ പകർപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ മൊഴിപ്പകർപ്പിൽ നിലവിൽ പ്രതികളായവരെക്കുറിച്ച് മാത്രമാണ് പരാമർശമുള്ളത്. 18 പേർ പീഡിപ്പിച്ച കാര്യം വ്യക്തമാക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.2016 മാർച്ച് 23 മുതൽ മാസങ്ങളോളം തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഭർത്താവ് ഗൾഫിലായിരുന്ന സമയത്ത് ഭർത്താവിന്റെ സുഹൃത്ത് വീട്ടിലെത്തി ലൈംഗികപീഡനത്തിന് ഇരയാക്കുകയും നഗ്നരംഗങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തുവെന്നും പിന്നീട് ഈ രംഗങ്ങൾ മറ്റുള്ളവരെയും കാണിച്ചതോടെ അവരും തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. അതേസമയം നഗ്നരംഗങ്ങൾ പകർത്തിയതായി പറയുന്ന മൊബൈൽ ഫോൺ ലഭിച്ചാൽ മാത്രമേ തുടർ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി. നാലുവർഷം മുമ്പ് നടന്ന സംഭവമായതിനാൽ കേസിന് ബലം നൽകുന്ന തെളിവുകൾ ലഭിക്കാത്തത് അന്വേഷണത്തിന് വെല്ലുവിളിയാണ്. യുവതിയുടെ മൊഴികളിലെ വൈരുദ്ധ്യം ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും പൊലീസ് വിശദീകരിച്ചു. പീഡനക്കേസിലെ പ്രതികളിലൊരാളെ പ്രതിചേർക്കപ്പെടുന്നതിന് മുമ്പ് യുവതിയുടെ ഭർത്താവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി കൈകാലുകൾ തല്ലിയൊടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിനു ശേഷമാണ് യുവതി അഞ്ചുപേർ പീഡിപ്പിച്ചെന്നാരോപിച്ച് പൊലീസിൽ പരാതി നൽകിയത്.