'ദി കേശവാനന്ദ കേസ് ' എന്നറിയപ്പെടുന്ന 1973 ലെ സുപ്രീം കോടതി വിധിന്യായം മനുഷ്യാവകാശങ്ങളുടെ ഏടിൽ ചരിത്ര വിധിയാണ്. കേശവാനന്ദഭാരതി എന്ന 18 വയസ് മാത്രം പൂർത്തിയായ യുവാവ് പ്രശസ്തമായ എടനീർ മഠത്തിന്റെ അധിപതിസ്ഥാനം ഏറ്റെടുത്തത് 1960 ലാണ്. മഠത്തിന്റെ ഭൂസ്വത്തുക്കളും മറ്റും സംരക്ഷിക്കാനായുള്ള ശ്രമത്തിൽ നീണ്ടനിയമയുദ്ധത്തിന് അദ്ദേഹം അപ്പോഴേക്കും നിർബന്ധിതനായിത്തീർന്നിരുന്നു. എന്നാൽ ജീവിതത്തിലൊരിക്കൽ പോലും കേസിനായി അദ്ദേഹം ഡൽഹിയിൽ പോകുകയോ അഭിഭാഷകൻ നാനി പൽക്കിവാലയെ കാണുകയോ ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ അറ്റോർണി ജനറലായ കെ.കെ.വേണുഗോപാലിന്റെ അച്ഛൻ പ്രഗത്ഭനായ അഭിഭാഷകൻ എം.കെ.നമ്പ്യാരെ കേസ് ഏൽപ്പിക്കുകയായിരുന്നു.അദ്ദേഹമാണ് പൽക്കിവാലയെ സമീപിച്ചത്.
ആദ്യഘട്ടത്തിലെ അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് പരിഗണിച്ച ശങ്കരിപ്രസാദ് കേസും, 1965 ലെ സജ്ജൻസിംഗ് കേസും, 1967-ലെ പതിനൊന്നംഗ ബെഞ്ച് പരിഗണിച്ച് വിധി പ്രസ്താവിച്ച ഗോലക്നാഥ് കേസുമൊക്കെ കേശവാനന്ദ കേസിന് പുരാവൃത്തമൊരുക്കിയ ഭരണഘടനാ കേസുകളായിരുന്നു. ആദ്യ രണ്ട് കേസുകൾ സർക്കാരിന് അനുകൂലമായിരുന്നെങ്കിലും ഗോലക്നാഥ് കേസിൽ ഭരണഘടന ഭേദഗതി മൗലികാവകാശങ്ങളെ ഇല്ലാതാക്കിക്കൊണ്ടുള്ളത് ആവരുതെന്ന് ഉന്നത നീതിപീഠം നിഷ്കർഷിച്ചു. തുടർന്ന് അക്കാലത്ത് സർക്കാർ ഒട്ടേറെ ഭരണഘടനാ ഭേദഗതികൾ കൊണ്ടുവന്നതിനെ തുടർന്ന് കാര്യങ്ങൾ 13 ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എത്തുകയായിരുന്നു.
കേശവാനന്ദഭാരതി എതിർ കേരള തുടങ്ങി നിരവധി ഹർജികളിലടങ്ങിയ ഭരണഘടനാപ്രശ്നങ്ങളുടെ വാദംകേട്ടാണ് ഈ ബെഞ്ച് വിധി പ്രസ്താവിച്ചത്. സാങ്കേതികമായി ഗോലക്നാഥ് കേസ് വിധി റദ്ദാക്കിയെങ്കിലും ഭരണഘടനയുടെ അടിസ്ഥാനഘടന പാർലമെന്റ് ഭേദഗതി വഴി ഇല്ലാതാക്കിക്കൂടെന്ന തീർപ്പാണ് യഥാർത്ഥത്തിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായത്. സുപ്രീം കോടതിയുടെ ചരിത്രത്തിൽ മുമ്പൊരു കേസിലുണ്ടാകാത്ത വിധത്തിൽ 66 ദിവസം തുടർച്ചയായി നീണ്ടുനിന്ന വാദങ്ങളാണ് കേശവാനന്ദഭാരതി കേസിൽ നടന്നത്. ഹർജിഭാഗത്തിനായി ശക്തമായ വാദമുയർത്തിയത് സീനിയർ അഭിഭാഷകനായ നാനി പൽക്കിവാലയായിരുന്നു. . 1973 ഏപ്രിൽ 23 നാണ് കേശവാനന്ദഭാരതി കേസിൽ സുപീം കോടതിവിധിന്യായം ഉണ്ടായത്. പതിമൂന്നംഗ ബെഞ്ചിലെ ഏഴ് ജഡ്ജിമാരാണ് ഭൂരിപക്ഷ വിധിന്യായം പുറപ്പെടുവിച്ചത്. ഭരണഘടനയുടെ അടിസ്ഥാനമൂല്യം പാർലമെന്റിന് ഭേദഗതി ചെയ്യാനാവില്ലെന്നതായിരുന്നു ഈ കേസിലെ വിധിയുടെ അന്തിമ പൊരുൾ.
ഭൂരിപക്ഷവിധിയിൽ പങ്കാളികളായ മൂന്ന് ന്യായാധിപന്മാരെ സീനിയോറിറ്റി അവഗണിച്ച് അവരുടെ ജൂനിയറായ ജഡ്ജിയെ ചീഫ് ജസ്റ്റിസാക്കി ഭരണകൂടം നിയമിക്കുകയും ചെയ്തു. 'സൂപ്പർസീഡ് ' ചെയ്യപ്പെട്ട മൂന്ന് ജഡ്ജിമാരും ജഡ്ജിസ്ഥാനം രാജിവെച്ചതോടെ ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനുമേൽ യഥാർത്ഥത്തിൽ കരിനിഴൽ വീഴുകയാണുണ്ടായത്. 1975 ജൂണിൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയിലേക്ക് കാര്യങ്ങൾ നയിച്ചതും കേശവാനന്ദ കേസിന്റെ വിധിയുടെ പരിണിത ഫലമാണെന്നും പറയുന്നവരുണ്ട്. ഭരണകൂടത്തിന് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ ജസ്റ്റിസ് എച്ച്.ആർ.ഖന്നയെ സൂപ്പർസീഡ് ചെയ്തതിന്റെ പേരിൽ അദ്ദേഹം രാജിവെച്ചതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.
ചീഫ് ജസ്റ്റിസ് പദവിയേക്കാളും വലുത് പൗരന്റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കലാണെന്നും ഭരണകൂടത്തിന് കീഴടങ്ങലല്ല വേണ്ടതെന്നും ജസ്റ്റിസ് എച്ച്.ആർ.ഖന്ന അസന്ദിഗ്ദ്ധമായി തെളിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് സ്ഥാനം നഷ്ടപ്പെട്ട ജസ്റ്റിസ് ഖന്നയ്ക്ക് സുപീം കോടതിയുടെ പടിയിറങ്ങേണ്ടി വന്നെങ്കിലും, മൂല്യങ്ങളുടെ കാവൽക്കാരനായ ജഡ്ജിയായി ലോകം അദ്ദേഹത്തെ ആദരിച്ച് ചരിത്രപുരുഷനാക്കുകയായിരുന്നു. അടിയന്തരാവസ്ഥയുടെ മറവിൽ രാജ്യത്ത് നടപ്പാക്കിയ പത്രമാരണ നിയമത്തെ തുടർന്ന് ഭരണകൂടത്തിന് ഹിതമല്ലാത്ത വാർത്തകൾ പ്രസിദ്ധപ്പെടുത്താൻ ആർക്കും കഴിയുമായിരുന്നില്ല. ഈ സന്ദർഭം ഉപയോഗപ്പെടുത്തി 1975 നവംബർ 10,11 തീയതികളിൽ നടന്ന ഒരു 13 അംഗ ബെഞ്ചിന്റെ രൂപീകരണവും കേശവാനന്ദ കേസ് വിധി ഇല്ലാതാക്കാൻ ശ്രമിച്ച നടപടികളും പുറംലോകമറിയാതെ തമസ്കരിക്കപ്പെടുകയായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് എ.എൻ.റേ 13 ജഡ്ജിമാരുടെ ബെഞ്ച് രൂപീകരിച്ച് കേശവാനന്ദഭാരതിക്കേസ് പുന:പരിശോധിക്കാൻ നടപടി സ്വീകരിച്ചു. സ്വമേധയാ ബെഞ്ച് രൂപീകരിച്ച് ഈ കേസ് റിവ്യൂ ചെയ്യാനുള്ള നടപടി ശരിയല്ലെന്ന് പൽക്കിവാല രണ്ട് ദിവസം തുടർച്ചയായി ആ ന്യായാധിപന്മാർക്ക് മുമ്പാകെ വാദിക്കുകയായിരുന്നു. അവസാനം ചീഫ് ജസ്റ്റിസിന് തീരുമാനമെടുക്കാനാവാതെ ബെഞ്ച് പിരിച്ചുവിടേണ്ടിവന്നു. ഇത് ശ്രീമതി ഗാന്ധിയുടെ ഇടപെടൽ മൂലമാണെന്ന് ചിലരിപ്പോൾ വാദിക്കുന്നത് ശരിയല്ല. ഇതൊന്നും പുറംലോകത്തിന് അക്കാലത്തോ പിന്നീടോ വേണ്ടവിധം അറിയാൻ കഴിഞ്ഞിരുന്നില്ല. അന്നത്തെ ആ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് ഖന്ന തന്റെ ആത്മകഥാഗ്രന്ഥമായ 'നൈതർ റോസസ് നോർ ത്രോൺസ് ' എന്ന ഗ്രന്ഥത്തിൽ ഇക്കാര്യങ്ങൾ പ്രസിദ്ധീകരിച്ചതോടെയാണ് ഇതൊക്കെ ജനങ്ങൾക്ക് കൂടുതലായി അറിയാൻ കഴിഞ്ഞത്.
പ്രമുഖ നിയമജ്ഞനായ ഫാലി എസ്.നരിമാൻ ''ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിച്ചെടുത്ത വിധി'' യെന്നാണ് കേശവാനന്ദഭാരതിക്കേസ് വിധിയെ വിശേഷിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് പ്രസ്തുത കേസിലെ ഹർജിക്കാരനായ കേശവാനന്ദഭാരതി സ്വാമിയെ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി എക്കാലവും ഓർമ്മിക്കുന്നത്.