പെരിന്തൽമണ്ണ: സെൻട്രൽ വിജിലൻസ് ഉദ്യോഗസ്ഥരെന്ന വ്യാജേന മങ്കട യു.കെ പടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടിപ്പർലോറികൾ തടഞ്ഞ് ഭീഷണിപ്പെടുത്തി 10,000 രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മഞ്ചേരി നറുകര പട്ടർകുളത്തെ താഴങ്ങാടി മഠത്തിൽ സെയ്ദ് മുഹമ്മദ് ഹാദി തങ്ങൾ (52), പാണ്ടിക്കാട് വള്ളുവങ്ങാട് പൂളക്കുണ്ടൻ മുഹമ്മദ് നൗഫൽ (39) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. വാഹനവും രേഖകളും പരിശോധിച്ച ശേഷം അനധികൃത ചെങ്കൽ ക്വാറിയിൽ നിന്നും കല്ല് കടത്തിക്കൊണ്ടു പോവുകയാണെന്നും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയാണെന്നും ഭീഷണിപ്പെടുത്തിയാണ് തുക തട്ടിയത്.
പിന്നീട് സംശയം തോന്നി ഉടമ മങ്കട പൊലീസിൽ പരാതിപ്പെടുകയായിരുന്നു . പ്രതികൾ വന്ന വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
പെരിന്തൽമണ്ണ എ.എസ്.പി ഹേമലതയുടെ നേതൃത്വത്തിൽ മങ്കട ഇൻസ്പെക്ടർ സി.എം സുകുമാരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അബ്ദുൾസലാം നെല്ലായ, ജയമണി, സിവിൽ പോലീസ് ഓഫീസർമാരായ ബാലകൃഷ്ണൻ, രാജീവ്, സമീർ പുല്ലോടൻ, ഷമീർ ഹുസൈൻ, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനവും വ്യാജ രേഖകളും പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.