SignIn
Kerala Kaumudi Online
Sunday, 07 March 2021 8.16 AM IST

കഞ്ചാവ് മാഫിയയുടെ വേരറുക്കണം

ganja

എല്ലാവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമുള്ള വളക്കൂറുള്ള മണ്ണായി കേരളം മാറിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് സമീപകാല സംഭവങ്ങൾ. സ്വർണക്കടത്തിനു പുറമെ മയക്കുമരുന്ന്, കഞ്ചാവ് കടത്ത്, തട്ടിപ്പ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ സമൂഹത്തിന് വലിയ ഭീഷണിയായി മാറിക്കഴിഞ്ഞു. മുന്നണി സർക്കാരുകളുടെ വികലമായ അബ്‌കാരി നയമാണ് ലഹരി മാഫിയയെ വാനോളം വളർത്തിയത്. എക്സൈസിനും പൊലീസിനും തളയ്ക്കാനാകാത്ത വിധമാണ് അതിന്റെ വളർച്ച. രണ്ടുദിവസം മുൻപ് തിരുവനന്തപുരം ജില്ലയിലെ കോരാണിയിൽ വച്ച് കണ്ടെയ്‌നർ ലോറിയിൽ ഒളിപ്പിച്ചുകൊണ്ടുവന്ന അഞ്ഞൂറു കിലോ കഞ്ചാവാണ് എക്സൈസുകാർ പിടികൂടിയത്. കർണാടകയിലെ മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയ സംഘത്തിനുവേണ്ടി ആന്ധ്രയിൽ നിന്നെത്തിച്ചതായിരുന്നു ഇത്.

അവരുടെ ഉന്നതന്മാർക്കിടയിലെ മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ട് റെയ്‌ഡുകൾ തുടരെത്തുടരെ നടക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ താവളം തേടിയാണ് ചരക്ക് കേരളത്തിലേക്കു തിരിച്ചുവിട്ടതെന്നാണു വിവരം. ഉത്തരേന്ത്യയിലെ ശക്തരായ ലോബികളാണ് ഈ ലഹരിക്കച്ചവടത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടയ്‌നർ ഡ്രൈവറെയും ക്ളീനറെയും അറസ്റ്റ് ചെയ്തതൊഴിച്ചാൽ സംഘത്തിലെ മറ്റാരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഘത്തിലെ നാല് പ്രധാനികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന ആശ്വാസത്തിലാണ് എക്സൈസ് അധികൃതർ. പഞ്ചാബ് സ്വദേശിയായ രാജുഭായ് എന്നയാളാണത്രെ തലവൻ. അടുത്തകാലത്ത് വയനാട്ടിൽ പിടികൂടിയ നൂറുകിലോ കഞ്ചാവ് കടത്തിനു പിന്നിലും ഇയാളുടെ സംഘമായിരുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ സംഘത്തിലെ പ്രധാനിയെയോ സംഘാംഗങ്ങളെയോ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല.

അധികൃതരുടെ കണ്ണിൽപ്പെടാതെ എത്രയോ തവണ ഈ സംഘം സംസ്ഥാനത്ത് കഞ്ചാവും മറ്റു ലഹരി വസ്തുക്കളും എത്തിച്ചിട്ടുണ്ടെന്ന് ആർക്കറിയാം. എക്സൈസിനും പൊലീസിനും ഏറെ പരിമിതികളുള്ളതിനാൽ കേന്ദ്ര തലത്തിലുള്ള ഏജൻസികളെ അന്വേഷണച്ചുമതല ഏല്പിക്കുകയാണു വേണ്ടത്. ലഹരികടത്തു സംഘങ്ങൾക്ക് പല സംസ്ഥാനങ്ങളിലും വേരുകളുള്ളതിനാൽ കേന്ദ്ര ഏജൻസിക്കേ ഫലപ്രദമായ അന്വേഷണത്തിലൂടെ സംഘങ്ങളെ തകർക്കാനും പ്രതികളെ പിടികൂടാനും സാദ്ധ്യമാകൂ. കേവലമൊരു കഞ്ചാവു കടത്തു കേസായി മാത്രം ഇതിനെ കാണുകയുമരുത്. എല്ലാ അർത്ഥത്തിലും കടുത്ത ദേശവിരുദ്ധ കുറ്റകൃത്യമായിത്തന്നെ ഇത്തരം സംഭവങ്ങളെ കാണേണ്ടതുണ്ട്.

കോരാണിയിൽ പിടികൂടിയ അഞ്ഞൂറു കിലോ കഞ്ചാവിന്റെ വിപണി വില ഇരുപതു കോടി രൂപയാണെന്നാണ് എക്സൈസ് കണക്കാക്കുന്നത്. തിരുവനന്തപുരം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടു കൊണ്ടുവന്നതാണ് ഈ കഞ്ചാവെന്നാണ് വിവരം. സംസ്ഥാനത്തെ ഏതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിസരങ്ങൾ ലഹരിവസ്തുക്കളാൽ സമൃദ്ധമാണെന്നത് പരസ്യമായ രഹസ്യമാണ്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ വിറ്റഴിക്കാൻ കഴിയുമെന്നതിനാൽ കഞ്ചാവിനും അതുപോലുള്ള ലഹരി ഉത്പന്നങ്ങൾക്കും എവിടെയും ത്രസിപ്പിക്കുന്ന വിപണിയാണുള്ളത്.

വൻതോതിലുള്ള കടത്ത് വല്ലപ്പോഴും ഒരിക്കൽ മാത്രമാണു പിടികൂടാറുള്ളത്. എന്നാൽ ചെറിയ തോതിലുള്ള കടത്തിലേർപ്പെട്ടിട്ടുള്ള അനവധി പേർ അധികൃതരുടെ പിടിയിൽപ്പെടാറുണ്ട്. മാദ്ധ്യമങ്ങളിൽ അതു സംബന്ധിച്ച വാർത്തകളും കാണാറുണ്ട്. എന്നാൽ ഇത്തരം കേസുകൾക്ക് പിന്നീട് എന്തു സംഭവിക്കുന്നുവെന്ന് അറിയാറില്ല. ലഹരി കടത്തു സംഘങ്ങളിൽപ്പെട്ട വലിയ മീനുകൾ അപൂർവമായേ വലയിൽ പെടാറുള്ളൂ. പരൽ മീനുകളാവും മിക്കപ്പോഴും കുടുങ്ങാറുള്ളത്.

സംഘടിത കുറ്റകൃത്യങ്ങളിൽ ലഹരി കടത്തു സംഘങ്ങൾക്കുള്ള പങ്ക് വ്യക്തമാണ്. വലിയൊരു സംഭവം ഉണ്ടാകുമ്പോഴാണ് ഇവരിൽ പലരുടെയും വേരുകൾ പുറത്തു കാണാൻ കഴിയുന്നത്. ബംഗളൂരുവിൽ ഒരാഴ്ചയായി നടക്കുന്ന ലഹരി മരുന്നുവേട്ട ഇതിനകം സിനിമാ മേഖലയിലെ പല ഉന്നതന്മാരിലേക്കും നീണ്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസം ഒരു മലയാളിയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. നിശാപാർട്ടികളിൽ സിനിമാ താരങ്ങൾക്ക് ലഹരി മരുന്നുകൾ എത്തിച്ചിരുന്നത് ഇയാളാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. കേരളത്തിലേക്കുകൂടി നീളുന്നതാണ് ഈ മയക്കുമരുന്നു ശൃംഖലയുടെ വേരുകളെന്നും സൂചന ലഭിച്ചിട്ടുണ്ട്.

യുവതലമുറയെ ലഹരിവലയിലേക്കു തള്ളിയിടുന്ന മാഫിയാസംഘങ്ങൾ എമ്പാടും സജീവമാണ്. സർക്കാരും നിയമപാലകരും ലഹരി മാഫിയക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് ഊർജ്ജിത നടപടികൾ എടുക്കുന്നുണ്ടെങ്കിലും അവയൊക്കെ അപ്രസക്തമാക്കുന്നതാണ് ലഹരി സംഘങ്ങളുടെ പ്രവർത്തനങ്ങൾ. എവിടെയും അവർക്ക് ഏജന്റുമാരും കണ്ണികളുമുണ്ടെന്നതാണ് വസ്തുത. ഇതിലെ അപകടം മനസിലാക്കി സംഘടിതമായ യത്നങ്ങളിലൂടെ അമർച്ച ചെയ്യാനാവുന്നില്ലെങ്കിൽ ലഹരിമാഫിയകൾ സമൂഹത്തിന് വലിയ വിനയായി മാറും. ഇപ്പോൾത്തന്നെ പല സ്ഥലത്തും ഇത്തരം സംഘങ്ങളെ പേടിച്ചു കഴിയേണ്ട സ്ഥിതിയിലാണ് നാട്ടുകാർ. അധികൃതരെ വിവരം അറിയിച്ചതിന്റെ പേരിൽ എത്രയോ പേർ ലഹരി സംഘങ്ങളുടെ ആക്രമണങ്ങൾക്കിരയാകുന്നുണ്ട്. നിയമപാലകരിൽ നിന്നുപോലും ഇവർക്ക് സംരക്ഷണം ലഭിക്കാറുമില്ല.

കോഴിക്കോട്ട് വിമാനത്തിൽ ഒളിച്ചുകൊണ്ടുവന്ന നാലരക്കിലോ സ്വർണം കടത്തിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഡി.ആർ.ഐ സംഘങ്ങളെ വാഹനമിടിച്ചു തെറിപ്പിക്കാൻ ധൈര്യപ്പെട്ടവർക്കു പിന്നിലും എന്തിനും പോന്ന മാഫിയാ സംഘം തന്നെയാണുള്ളത്. വിമാനം വഴിയുള്ള സ്വർണം കടത്തിനെതിരെ സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും നടപടികൾ ശക്തിപ്പെടുത്തിയിട്ടും എല്ലാ ദിവസവും കള്ളക്കടത്തു സ്വർണം എത്തിക്കൊണ്ടിരിക്കുകയാണ്. അധികൃതരെ കബളിപ്പിക്കാൻ പുതിയ പുതിയ തന്ത്രങ്ങൾ സംഘം കണ്ടെത്തുന്നുമുണ്ട്. വിമാനത്താവളങ്ങളിൽ കടത്തു സംഘങ്ങളെ സഹായിക്കാനും ആളുകളുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം.

കരിപ്പൂരിൽ ഞായറാഴ്ച സ്വർണം കടത്താൻ കൂട്ടുനിന്ന നാല് ശുചീകരണ സൂപ്പർവൈസർമാർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സ്വർണം കടത്തു സംഭവങ്ങളിലെ സ്ഥിരം കണ്ണികളാണത്രെ ഇവർ. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് സൂപ്രണ്ടായി ജോലിചെയ്തിരുന്നയാൾ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കുറച്ചുനാൾ മുമ്പ് അറസ്റ്റിലായിരുന്നു. വേറെയും ഉദ്യോഗസ്ഥന്മാർ ഇതുപോലെ കുടുങ്ങാറുണ്ട്. എളുപ്പം പണക്കാരാകാനുള്ള വഴി തേടുന്നവരിൽ നന്നേ ചുരുക്കം പേരേ ഇടയ്ക്കു പിടിയിൽ പെടാറുള്ളൂ എന്നതാണു വാസ്തവം. നയതന്ത്ര ചാനൽ വഴി നടന്ന വൻ സ്വർക്കടത്തു കേസ് ആളുകൾ മറന്നു തുടങ്ങിയിരിക്കുന്നു. പുതിയതു ചിലതു ലഭിക്കുമ്പോൾ പഴയതു സ്മരണയിൽ നിന്നു മായുക സ്വാഭാവികമാണ്. കൊടുങ്കാറ്റായി വന്ന് മന്ദമാരുതനായി കെട്ടടങ്ങുന്ന ഇതുപോലുള്ള എത്രയോ കേസുകൾ ഇവിടെ ഉണ്ടായിരിക്കുന്നു. മാഫിയാ സംഘങ്ങളുടെ വളർച്ചയ്ക്ക് വളമാകുന്നതും ഇതൊക്കെത്തന്നെയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GANJA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.