പൊന്നാനി: 59-ാം വയസിലും ഓൺലൈൻ ക്ളാസിൽ മിന്നുകയാണ് 59കാരിയായ വാസന്തി. പൊന്നാനി നഗരസഭയിലെ തുടർവിദ്യാ കേന്ദ്രത്തിലെ പ്ലസ് വൺ ക്ലാസിലെ പഠിതാവാണ് വാസന്തി. ഹ്യൂമാനിറ്റീസ് കോഴ്സിന് പഠിക്കുന്ന ഇവർ പഠനകേന്ദ്രത്തിലെ മികച്ച പഠിതാവാണ്.
പൊന്നാനി തുടർവിദ്യാ കേന്ദ്രത്തിലൂടെയാണ് വാസന്തി പത്താംതരം തുല്യത കരസ്ഥമാക്കിയത്. പഠനത്തിന് ഏറെ പ്രോത്സാഹിപ്പിച്ച ഭർത്താവ് അസുഖബാധിതനായി കിടക്കുന്നതിനിടയിലാണ് പത്താംതരം പരീക്ഷയെഴുതിയത്. മികച്ച വിജയം കരസ്ഥമാക്കിയ ഇവർ ഭർത്താവിന്റെ മരണശേഷവും പഠനം തുടരുകയാണ്. മരുമകൾ ജയശ്രീയും പഠനകേന്ദ്രത്തിൽ പ്ലസ്ടു തുല്യതയ്ക്ക് പഠിക്കുന്നുണ്ട്. നോട്ട് എഴുതാനും പഠനത്തിലും മക്കളുടെ പൂർണ പിന്തുണയുണ്ട്. പഠനത്തോടൊപ്പം പൊന്നാനിയിൽ ഒരു സൂപ്പർമാർക്കറ്റും വാസന്തി നടത്തുന്നു. അടുത്ത വർഷം പ്ലസ് ടുവും സാക്ഷരത തുല്യതയിലൂടെ കരസ്ഥമാക്കാനിരിക്കുകയാണ് വാസന്തി.
സാക്ഷരതാ തുല്യതയുടെ ഓൺലൈൻ ക്ലാസുകൾ ഞായറാഴ്ച രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചര വരെയാണ്. ഓഡിയോ, വീഡിയോ ക്ലാസുകളാണ് നൽകുന്നത്. മറ്റു ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ സ്പെഷ്യൽ ക്ലാസും ഉണ്ടാകും. പൊന്നാനിയിലെ തുടർവിദ്യാ കേന്ദ്രത്തിലെ സാക്ഷരത പ്രേരക് ടി.ഷീജ പഠിതാക്കൾക്ക് വലിയ പിന്തുണ നൽകുന്നു.