തിരുവനന്തപുരം:തലസ്ഥാനത്ത് ഗുണ്ടാ പ്രവർത്തനം തടയുന്നതിനായി സിറ്റി പൊലീസ് നടത്തിവരുന്ന റെയ്ഡ് തുടരുന്നു. മെഡിക്കൽകോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഡോക്ടറെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ 2 പേർ പിടിയിലായതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
ശ്രീകാര്യം ഇടവക്കോട് സ്വദേശി വിനോദ് (40),മലയിൻകീഴ് പാലത്തോട്ടുവിള സജു എന്ന് വിളിക്കുന്ന വിമോദ് (35) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചാലക്കുഴി റോഡിൽ വച്ച് എയിഡ്സ് കൺട്രോൾ സൊസൈറ്റി ഡോക്ടറുമായി പ്രതികൾ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതികളെ മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഗുണ്ടാ,റൗഡി ലിസ്റ്റുകളിലും വിവിധ ആക്രമണ കേസുകളിലും ഉൾപ്പെട്ട 143 പേരുടെ വീടുകളിൽ പൊലീസ് ഇന്നലെ പരിശോധന നടത്തി.