കണ്ണൂർ: ജില്ലയിൽ കൊവിഡ് രോഗികളിൽ ലക്ഷണങ്ങളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്തവരെ വീടുകളിൽ തന്നെ താമസിപ്പിച്ചു പരിചരിക്കുന്ന ഹോം കെയർ സംവിധാനം നടപ്പിലാക്കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കൊവിഡ് രോഗികളിൽ 80 ശതമാനം പേർക്കും ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇവർക്ക് വിശ്രമവും നിരീക്ഷണവും മാത്രമേ വേണ്ടൂ. വിവിധ രാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രീതി ഫലപ്രദമാണെന്ന് കണ്ടിട്ടുമുണ്ട്. രോഗികളിലെ മാനസിക സമ്മർദം കുറക്കാനും ഇത് സഹായകമാകും. ഹോം ക്വാറന്റൈൻ ഫലപ്രദമായി നടപ്പിലാക്കിയ അനുഭവവും കണ്ണൂർ ജില്ലക്കുണ്ട്. കാസർകോട് ജില്ലയിലും ഭവനപരിചരണം നടപ്പിലാക്കിയിട്ടുണ്ട്.
മറ്റ് കുടുംബംഗങ്ങളുമായി സമ്പർക്കമില്ലാതെ പ്രത്യേകമായി കഴിയാനുള്ള സൗകര്യമുള്ള മുറിയും ബാത്റൂമും, ആവശ്യമാകുന്ന ഘട്ടത്തിൽ വീട്ടിലേക്ക് ആംബുലൻസ് എത്താനുള്ള വഴി, ടെലിഫോൺ സൗകര്യം എന്നിവ ഉണ്ടെങ്കിൽ ഭവനപരിചരണം അനുവദിക്കും. വീട്ടിൽ മറ്റ് രോഗമുള്ളവർ ഉണ്ടെങ്കിൽ അവരെ റിവേഴ്സ് ക്വാറന്റൈനിൽ ആക്കണം. ഭവനപരിചരണത്തിൽ കഴിയുന്നവരുമായി എല്ലാ ദിവസവും ആരോഗ്യ പ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി നിരീക്ഷിക്കും. എന്തെങ്കിലും ലക്ഷണം പ്രകടിപ്പിക്കുന്നവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനവും ഉണ്ടാകും.