കാരാപ്പുഴ അണക്കെട്ടിലും പദ്ധതി തുടങ്ങും
കൽപ്പറ്റ: കാരാപ്പുഴ അണക്കെട്ടിലും ഫിഷറീസ് വകുപ്പിന്റെ കൂട് മത്സ്യകൃഷി പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ പറഞ്ഞു. റീ ബിൽഡ് കേരളയുടെ ഭാഗമായി ബാണാസുര സാഗർ അണക്കെട്ടിൽ ആരംഭിച്ച കൂട് മത്സ്യകൃഷി പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ധാരാളം അണക്കെട്ടുകളും തടാകങ്ങളും മറ്റ് ജലസ്രോതസ്സുകളും ഉണ്ടെങ്കിലും ഇവിടങ്ങളിൽ ഫലപ്രദമായ മത്സ്യകൃഷിയില്ല. ജലം കൊണ്ട് സമ്പന്നമായ നാം ജലകൃഷിയുടെ കാര്യത്തിൽ പിന്നിലാണ്. അണക്കെട്ടുകൾ വിവിധ വകുപ്പുകളുടെ കൈവശമായതിനാൽ എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയാണ് ഇത്തരം പദ്ധതികൾ നടപ്പാക്കാനാകുക. ഇക്കാര്യത്തിൽ മികച്ച സഹകരണം നൽകുന്നതായി മന്ത്രി പറഞ്ഞു.
ജലാശയത്തിൽ കൂടുകൾ സ്ഥാപിച്ച് അതിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളർത്തുന്നതാണ് രീതി. 3.2 കോടിയുടേതാണ് പദ്ധതി.
ബാണാസുര സാഗർ പട്ടിക വർഗ മത്സ്യത്തൊഴിലാളി റിസർവോയർ സഹകരണ സംഘത്തിലെ അംഗങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. അംഗങ്ങളെ 10 പേർ വീതമുളള ഒമ്പത് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ഗ്രൂപ്പിന് 6x4x4 സൈസിലുളള 10 കൂടുകൾ വീതം ആകെ 90 കൂടുകളാണ് നൽകുന്നത്. ഒരു കൂട്ടിൽ 3840 മത്സ്യകുഞ്ഞുങ്ങളെ വളർത്താനാകും. ഇത്തരത്തിൽ ആകെ 3,45,600 മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. ഗിഫ്റ്റ് തിലാപ്പിയ ഇനത്തിൽപ്പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് ആദ്യഘട്ടത്തിൽ നിക്ഷേപിക്കുക. വർഷത്തിൽ രണ്ട് തവണ വിളവെടുപ്പ് നടത്താനാകും. കൂടൊന്നിന് 3 ലക്ഷം പ്രകാരം 2.7 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.
അണക്കെട്ട് പരിസരത്തെ കുറ്റിയാംവയലിൽ നടന്ന പ്രാദേശിക ഉദ്ഘാടന ചടങ്ങിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി നൗഷാദ് എന്നിവർ സംസാരിച്ചു. ഫിഷറീസ് ഡയറക്ടർ എം.ജി രാജമാണിക്യം സ്വാഗതവും അഡാക് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നന്ദിയും പറഞ്ഞു.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി്, പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി, ബ്ലോക്ക് ഡിവിഷൻ മെമ്പർ ജിൻസി സണ്ണി, പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ചാന്ദിനി ഷാജി, റിസർച്ച് ആൻഡ് ഡാം സേ്ര്രഫി സബ്ഡിവിഷൻ ഇ.ഇ ശ്രീധരൻ കെ., എ.എക്സി. മനോഹരൻ പി., ഫിഷറീസ് ജോ. ഡയറക്ടർ ബി.കെ. സുധീർ കിഷൻ, അസി. ഡയറക്ടർ ചിത്ര എം. എന്നിവർ പങ്കെടുത്തു.
ബാണാസുര സാഗർ അണക്കെട്ടിലെ കൂടുകൃഷി പദ്ധതിയിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപി
ക്കുന്നു