കോന്നി : മെഡിക്കൽ കോളേജ് കെട്ടിട സമുച്ചയത്തിന്റെയും ഒ.പി.യുടെയും ഉദ്ഘാടനം ജനങ്ങളിലെത്തിക്കാർ ആവശ്യമായ ഓൺലൈൻ സൗകര്യമൊരുക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഓൺലൈൻ സൗകര്യമൊരുക്കുന്നതിനുള്ള സംഘം എം.എൽ.എയോടൊപ്പം മെഡിക്കൽ കോളേജിലെ ഉദ്ഘാടന സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
ഇന്റർനെറ്റിന്റെ അപര്യാപ്ത പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാകുമെന്ന് എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജിൽ മൊബൈൽ കമ്പനികൾക്ക് നെറ്റ് വർക്ക് കവറേജ് ഇല്ലാത്ത സ്ഥിതിയുണ്ട്. ഉദ്ഘാടനത്തിനു മുൻപ് ഇതിന് പരിഹാരമുണ്ടാക്കും.
ഉദ്ഘാടന ചടങ്ങ് വിവിധ ഫേസ്ബുക്ക് ലൈവ് വഴിയും പ്രാദേശിക ചാനലുകൾ വഴിയും ജനങ്ങൾക്ക് കാണാനുള്ള സൗകര്യമാണ് തയ്യാറാക്കുന്നത്. കോന്നി നിയോജക മണ്ഡലത്തിലെ ജനങ്ങൾ ഉൽസവം പോലെ ഏറ്റെടുക്കേണ്ടിയിരുന്ന മെഡിക്കൽ കോളേജ് ഉദ്ഘാടനം കൊവിഡ് കാരണമാണ് 50 ആളുകൾ പങ്കെടുക്കുന്ന ചടങ്ങായി ചുരുക്കുന്നത്.
കോന്നിയുടെ ചരിത്രത്തിലെ വികസന മുന്നേറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി രേഖപ്പെടുത്താൻ പോകുന്ന ഉദ്ഘാടന ചടങ്ങ് തത്സമയം തന്നെ ജനങ്ങൾക്ക് കാണാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായും എം.എൽ.എ അറിയിച്ചു.