കൊച്ചി: അമ്പലമുകളിലെ ഫാക്ട് ആർ.സി.എഫ്. ബിൽഡിംഗ് പ്രോഡക്ട് ലിമിറ്റഡ് (എഫ്.ആർ.ബി.എൽ) പൂട്ടിയതോടെ സംസ്ഥാനത്തെ ജിപ്സം ബോർഡ് ഉപയോഗിച്ചുള്ള നിർമ്മാണ മേഖല സ്തംഭിച്ചു.
വളം നിർമ്മാണത്തിന്റെ ഉപോത്പന്നമായ ജിപ്സത്തിൽനിന്ന് കെട്ടിടങ്ങളുടെ ഭിത്തി നിർമ്മാണത്തിനുള്ള പാനലുകൾ ഉത്പ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എഫ്.ആർ.ബി.എൽ.
ലൈഫ് മിഷൻ പദ്ധതിയുടേതുൾപ്പടെ ആയിരത്തോളം നിർമ്മാണങ്ങളാണ് പാതിവഴിയിൽ അപ്രതീക്ഷിതമായി കുടുങ്ങിയത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്താൽ പോലും ഇരട്ടി തുക നൽകേണ്ടി വരും. സംസ്ഥാനത്ത് നൂറോളം കെട്ടിട നിർമ്മാതാക്കളാണ് ജിപ്സം ബോർഡ് ഉപയോഗിക്കുന്നവർ.
വിറ്റുവരവും സാമ്പത്തികസ്ഥിതിയും നിലവിൽ മെച്ചമാണെങ്കിലും മുൻകാല ബാദ്ധ്യതയുടെ പേരിലാണ് കമ്പനി പൂട്ടാൻ തീരുമാനിച്ചത്. മൂന്നു ബാങ്കുകളിൽ നിന്ന് കടമെടുത്ത തുകയിൽ 22 കോടി വായ്പാ കുടിശികയുണ്ട്.
ഫാക്ടിൽനിന്നുള്ള വ്യവസായ മാലിന്യമാണ് ജിപ്സം. ഇത് ഉപയോഗിച്ച് 'റീ ഇൻഫോഴ്സ്ഡ് ജിപ്സം വാൾ പാനൽ' നിർമ്മിക്കുന്നത് ചെന്നൈ ഐ.ഐ.ടി വികസിപ്പിച്ച സാങ്കേതികവിദ്യ അനുസരിച്ചാണ്. ഫാക്ടും മുംബെയിലെ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സും ചേർന്നാണ് എഫ്.ആർ.ബി.എൽ നടത്തുന്നത്.
ജിപ്സം പാനലിന് ആവശ്യക്കാർ ഏറെ
കെട്ടിട നിർമ്മാണത്തിൽ പ്രകൃതിചൂഷണം ഒഴിവാക്കി ഭൂകമ്പത്തെപ്പോലും ചെറുക്കാൻ ശേഷിയുള്ളതും ചെലവും സമയവും ലാഭിക്കാവുന്നതുമായ സവിശേഷ നിർമ്മാണ വസ്തുവാണ് ജിപ്സം ബോർഡുകൾ. ഭിത്തികൾക്ക് പകരം ജിപ്സം ബോർഡുകൾ കൂട്ടിയോജിപ്പിച്ച് വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയും.
പ്രളയ ശേഷമുള്ള നിർമ്മാണങ്ങൾക്ക് സർക്കാരും ഇവ ഉപയോഗിച്ചു തുടങ്ങിയതോടെ ആവശ്യക്കാർ ഏറെയായി. ജി.എഫ്.ആർ.ജെ. ഉപയോഗിച്ച് നിർമ്മിച്ച വീടുകൾ പ്രളയത്തിൽ തകരാതെ നിന്നത് കൂടുതൽ ജനപ്രീതി നേടി. ഭൂചലനത്തെയും അതിജീവിക്കാനുള്ള ശേഷി വീടുകൾക്കുണ്ടാവും.
ജീവിതം അനിശ്ചിതത്ത്വത്തിൽ:
കെട്ടിട നിർമ്മാണങ്ങളോടൊപ്പം തന്നെ 100 ഓളം കെട്ടിട നിർമ്മാതാക്കളും അവരുടെ കീഴിലുള്ള 5000 ത്തോളം തൊഴിലാളികളുടെയും ജീവിതം കഴിഞ്ഞ എട്ടു മാസമായി അനിശ്ചിതത്വത്തിലാണ്. പ്ലാന്റ് തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ഫാക്ടിന് നിവേദനം നൽകിയിട്ടുണ്ട്.
സിബി ഭദ്രൻ
പ്രസിഡന്റ്
ജി.എഫ്.ആർ.ജെ ബി ആൻഡ് പി അസോസിയേഷൻ