തിരുവല്ല: യാത്രക്കാർ ആവശ്യപ്പെടുന്ന സമയങ്ങളിൽ കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനായി കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ച ബസ് ഓൺ ഡിമാൻഡ് തിരുവല്ലയിലും തുടങ്ങി. സ്വന്തം വാഹനങ്ങൾ ഉൾപ്പെടെയുള്ളവയിൽ സർക്കാർ സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെ ആകർഷിക്കുന്ന തരത്തിലാകും ബസ് ഓൺ ഡിമാൻഡ് പദ്ധതി. തിരുവല്ല ഡിപ്പോയിൽ നിന്നും ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പാക്കുകയും അവരവരുടെ ഓഫീസിന് സമീപം ബസുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും. ഈ സർവീസുകളിൽ 5, 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് യാത്രയ്ക്കായുള്ള 'ബോണ്ട്' ട്രാവൽ കാർഡുകൾ ഡിസ്കൗണ്ടോടു കൂടി കൈപ്പറ്റാം. കൊവിഡ് നിബന്ധനകൾ പാലിച്ച് പൂർണ്ണമായും അണുവിമുക്തമാക്കിയ ബസുകളാണ് 'ബോണ്ട്' സർവീസിനായി ഉപയോഗിക്കുന്നത്. എല്ലാ യാത്രക്കാർക്കും സാമൂഹ്യ അപകട ഇൻഷുറൻസും ഉണ്ടായിരിക്കും. ഓരോ 'ബോണ്ട്' സർവീസിന്റെയും യാത്രക്കാർക്കായി വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ബസിന്റെ തൽസമയ ലോക്കേഷൻ യാത്രക്കാരെ അറിയിക്കും. ആദ്യം ട്രാവൽ കാർഡിനായി രജിസ്റ്റർ ചെയ്യുന്നവർക്ക് 20% പ്രത്യേക ഡിസ്കൗണ്ട് ഓഫറുമുണ്ട്. തിരുവല്ല ഡിപ്പോയിൽ നിന്ന് കോട്ടയം കളക്ടറേറ്റ്, പത്തനംതിട്ട, ആലപ്പുഴ, അടൂർ എന്നിവിടങ്ങളിലേക്കാണ് ബോണ്ട് സർവീസുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0469 2602945, 0469 2601345, 9188526729, 7594856865.