കൊച്ചി: വായനയ്ക്കിടയിൽ തെറ്റുകൾ കല്ലുകടിയായപ്പോഴാണ് വാക്കുകൾ തിരുത്തിയേ പറ്റൂവെന്ന് മുൻ പത്രപ്രവർത്തകനും സ്ഥലനാമചരിത്രകാരനുമായ പി. പ്രകാശിന് തോന്നിയത്. പിന്നെ തീരുമാനിച്ചു. ഒരു നിഘണ്ടു ഇറക്കുക തന്നെ. തെറ്റായെഴുതി പ്രചാരം നേടിയ വാക്കുകളുടെ ശരിയായ രൂപം. അതൊരു ഭഗീരഥ പ്രയത്നത്തിന്റെ തുടക്കമായിരുന്നു.
ആദ്യമായി ചെയ്തത് ദൃശ്യ, അച്ചടി മാദ്ധ്യമങ്ങളിൽ വരുന്ന തെറ്റായ വാക്കുകൾ നോട്ടുബുക്കിൽ കുറിച്ചുവയ്ക്കുകയായിരുന്നു. ഒരേ പിഴവ് ആവർത്തിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കും. കഴിഞ്ഞ അഞ്ചുവർഷമായി കുറിച്ചുവച്ച ഇത്തരം വാക്കുകൾ വഴികാട്ടിയായി. ഭാഷാശുദ്ധീകരണത്തിന്റെ ആദ്യപടിയായി 'പദശുദ്ധികോശം, വാക്കുകളുടെ തെറ്റും ശരിയും' എന്ന പേരിൽ രചിച്ച നിഘണ്ടു അടുത്തമാസം പുറത്തിറങ്ങും.
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും തെറ്റില്ലാതെ മലയാളം എഴുതാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനപ്പെടും. ശബ്ദതാരാവലിയും വ്യാകരണഗ്രന്ഥങ്ങളും അടിസ്ഥാനമാക്കിയാണ് ഭാഷാശുദ്ധീകരണത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്ന് പ്രകാശ് പറഞ്ഞു.
ആസ്വാദ്യകരം - ആസ്വാദ്യം
ആശാസ്യകരം - ആശാസ്യം
സ്വാദിഷ്ടം - സ്വാദിഷ്ഠം
ഫലഭൂയിഷ്ടം - ഫലഭൂയിഷ്ഠം
നിഷ്ഠൂരം - നിഷ്ഠുരം
സായൂജ്യം - സായുജ്യം
ഗുമസ്ഥൻ - ഗുമസ്തൻ
മുഖാന്തിരം- മുഖാന്തരം
മുഖദാവിൽ - മുഖതാവിൽ
200 പേജുള്ള പുസ്തകത്തിൽ 4000 മലയാളം വാക്കുകളും ആയിരം ഇംഗ്ലീഷ് വാക്കുകളുമുണ്ട്. അക്ഷരമാല ക്രമത്തിലാണ് അവ കോർത്തിണക്കിയിരിക്കുന്നത്. ആദ്യം ശരിയായ വാക്ക്, തുടർന്ന് തെറ്റായ പ്രയോഗം, വാക്കിന്റെ അർത്ഥം, പ്രയോഗത്തിന്റെ അർത്ഥം എന്ന ക്രമത്തിലാണ് പദങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 20 വിവർത്തനഗ്രന്ഥങ്ങൾ ഉൾപ്പെടെ 30 കൃതികളുടെ രചയിതാവാണ്. ഇടപ്പള്ളി അമൃത ഹോസ്പിറ്റൽ റോഡിൽ രാജാങ്കണത്തിലാണ് താമസം.