കോലഞ്ചേരി: പതിനയ്യായിരം കിലോമീറ്റർ സൈക്കിളിൽ. അരുൺ തഥാഗതന്റെ ഏകാന്തയാത്ര ആറു രാജ്യങ്ങൾ കടന്ന് ലാവോസിലെത്തിയപ്പോൾ ഒരു വർഷമെടുത്തു. അവിടെവച്ചാണ് കൊവിഡ് വിഘ്നമായെത്തിയത്. പിന്നെ യാത്ര അവസാനിപ്പിച്ച് ഡൽഹിയിലേക്ക് വിമാനം കയറി. ലാവോസിൽ നിന്ന് വിയറ്റ്നാം, ബംഗ്ലാദേശ് വഴി കൊച്ചിയിലേക്ക് സൈക്കിളേറി തന്നെ തിരിച്ചെത്തണമെന്ന മോഹം അങ്ങിനെ മഹാമാരി മുടക്കി.
2019 സെപ്തംബർ 19 നാണ് വീട്ടിൽ നിന്ന് അരുൺ അമേരിക്കൻ സേർളി ടൂറിംഗ് സൈക്കിളിലിറങ്ങിയത്.
യാത്രയിൽ ഉടനീളം ബുദ്ധ ക്ഷേത്രങ്ങളും, അമ്പലങ്ങളും, ചെന്നെത്തുന്ന സ്ഥലങ്ങളിലെ വീടുകളുമായിരുന്നു താമസം. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയായിരുന്നു യാത്ര. ദിവസവും വിശേഷങ്ങൾ ഫേസ് ബുക്ക് പേജിലൂടെ പങ്കുവച്ചു.
ഇപ്പോൾ ക്വാറന്റൈനിലാണ് തഥാഗതെങ്കിലും അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളും ആസൂത്രണങ്ങളുമാണ് മനസിൽ. സൗത്ത് അമേരിക്കയിലേക്കാണ് ഇനി ഇന്ത്യൻ പതാകയുമായി സൈക്കിളേറുക. അവിടെ നിന്ന് നോർത്ത് അമേരിക്കയിലേയ്ക്ക് പെറു, ചിലി, യു.എസ്. കാനഡ.... അങ്ങിനെ അടുത്ത സ്വപ്നം...
പരമാവധി നഗരങ്ങളെ ഒഴിവാക്കി ഗ്രാമങ്ങളുടെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞായിരുന്നു കഴിഞ്ഞ യാത്ര. ഓരോ രാജ്യങ്ങളിലും അവിടുത്തുകാരനായി ജീവിച്ചു. ആംഗ്യം കൊണ്ടു മാത്രമായി പലപ്പോഴും ആശയവിനിമയം. ആഹാരത്തിനും താമസത്തിനും മുട്ടുണ്ടായില്ല. ഭാഷ സഞ്ചാരിക്കൊരു തടസമല്ലെന്നാണ് അരുൺ തഥാഗതന്റെ പക്ഷം.
മ്യാൻമർ, തായ്ലാൻഡ്, മലേഷ്യ, ഇന്തോനേഷ്യ, കംബോഡിയ, ലാവോസ് വരെ സൈക്കിളിൽ ചുറ്റിയ ആദ്യ മലയാളിയെന്ന ബഹുമതിയും തഥാഗതന് സ്വന്തം. ഒരു വർഷമെടുത്തു ഇത്രയും ദൂരം താണ്ടാൻ. ദൂരവും സ്ഥലവുമൊന്നും ഗൗനിക്കാറില്ല. യാത്ര മാത്രമാണ് ലക്ഷ്യം. കൊവിഡ് കത്തി നിന്ന സമയത്തും ഒരിടത്തും യാത്രയെ ബാധിച്ചില്ല. തടസങ്ങളുണ്ടായില്ല. കൊവിഡുള്ള പ്രദേശങ്ങളിൽ പോലും കാര്യമായ നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നില്ലെന്ന് തഥാഗത് പറഞ്ഞു. സൈക്കിളിലെത്തിയ സഞ്ചാരിക്ക് അപരിചിതരായ ഗ്രാമീണർ സ്വന്തം വീടുകളിൽ ആഹാരവും പായയും നൽകി. ചിലയിടങ്ങളിൽ പണം നൽകി താമസിച്ചു.
എറണാകുളം അമ്പലമേട് സ്വദേശിയാണ് 41കാരനായ അരുൺ. ബുദ്ധനെ നെഞ്ചോടു ചേർക്കുന്നതിനാലാണ് തഥാഗതനെ അരുൺ പേരിനൊപ്പം കൂട്ടിയത്. അരുണിന്റെ മൂന്നുനില മുളവീടും പ്രശസ്തമാണ്. സംസ്ഥാന സർവേ വകുപ്പിൽ ക്ളാർക്ക് ശമ്പളമില്ലാത്ത അവധിയും ബാങ്ക് വായ്പയുമെടുത്താണ് സഞ്ചാരത്തിനിറങ്ങിയത്. തിരിച്ച് ജോലിക്ക് കയറണം. വീണ്ടും അവധിയെടുത്ത് ലോക സഞ്ചാരത്തിനിറങ്ങണം. അരുൺ തഥാഗത് പറഞ്ഞു.