തിരുവനന്തപുരം: കൊവിഡും ലോക്ക്ഡൗണും മൂലം കഴിഞ്ഞ ആറുമാസമായി പൂർണമായി അടഞ്ഞുകിടക്കുന്ന ടൂറിസം മേഖല അടിയന്തരമായി തുറക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഒഫ് കേരള ടൂറിസം ഇൻഡസ്ട്രി (സി.കെ.ടി.ഐ) ആവശ്യപ്പെട്ടു.
കൊവിഡിൽ ഏറ്റവുമധികം ആഘാതമേറ്റ മേഖലയാണ് ടൂറിസം. 15 ലക്ഷത്തോളം പേർ നേരിട്ടും 20 ലക്ഷം പേർ പരോക്ഷമായും തൊഴിലെടുക്കുന്ന മേഖലയാണിത്. പ്രവാസിപ്പണമൊഴുക്ക് മാറ്റിവച്ചാൽ രാജ്യത്തിന് ഏറ്റവുമധികം വിദേശനാണ്യം ലഭിക്കുന്നതും ടൂറിസത്തിൽ നിന്നാണ്. ഈ സാഹചര്യത്തിൽ അതിജീവനത്തിന്റെയും പുനരുദ്ധാരണത്തിന്റെയും പാതയിലേക്ക് വരുന്നവിധം, ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീരുമാനമെടുക്കണമെന്ന് സി.കെ.ടി.ഐ പ്രസിഡന്റ് ഇ.എം. നജീബ് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 455 കോടി രൂപയുടെ 'മുഖ്യമന്ത്രിയുടെ ടൂറിസം സമാശ്വാസനിധി" സംരംഭകർക്കും തൊഴിലാളികൾക്കും വലിയൊരു അളവുവരെ ആശ്വാസമായിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി സജീവ് കുറുപ്പ് പറഞ്ഞു.
സംസ്ഥാനത്ത് എത്തുന്ന സഞ്ചാരികൾക്ക് 14 ദിവസം നിർബന്ധിത ക്വാറന്റൈൻ വേണമെന്ന നിബന്ധന തിരിച്ചടിയാണ്. സംസ്ഥാനത്തെ കൂടുതൽ ഹോട്ടലുകളും റിസോർട്ടുകളും ഹൗസ്ബോട്ടുകളും പ്രവർത്തിക്കുന്നത് ടൂറിസ്റ്റുകളെ ആശ്രയിച്ചാണ്. നിലവിലെ പ്രതിസന്ധി തുടർന്നാൽ, കഴിഞ്ഞവർഷം 45,000 കോടി രൂപയുടെ വരുമാനം സംസ്ഥാനത്തിന് നേടിക്കൊടുത്ത വ്യവസായമാണ് എന്നന്നേക്കുമായി അടച്ചുപൂട്ടപ്പെടുകയെന്ന് സി.കെ.ടി.ഐയിലെ അംഗങ്ങളായ 35 സംഘടനകൾ നടത്തിയ അന്വേഷണത്തിൽ മനസിലാക്കിയതാണെന്ന് ഇം.എം. നജീബ് പറഞ്ഞു.
അകലണം പ്രതിസന്ധി
''4000ഓളം ഹോട്ടലുകൾ, റിസോർട്ടുകൾ, 1000ലേറെ ഹൗസ് ബോട്ടുകൾ, 100ലധികം ആയുർവേദ സെന്ററുകൾ, 1000ലധികം ടൂർ ഓപ്പറേറ്റർമാർ, ഹോംസ്റ്റേ ഉടമകൾ, സാഹസിക ടൂറിസ യൂണിറ്റുകൾ എന്നിവയാണ് പരിപാലനം, ബാങ്ക് വായ്പാച്ചെലവ്, ജീവനക്കാരുടെ ശമ്പളം, വൈദ്യുതി നിരക്ക്, നികുതി എന്നിങ്ങനെ ഒഴിവാക്കാനാവാത്ത ചെലവുകളിലൂടെ കടന്നുപോകുന്നത്. ഈ സാചര്യത്തിൽ അതിജീവനത്തിന്റെ പാതയിലേക്ക് തിരിച്ചെത്തുംവിധം ടൂറിസം മേഖല അടിയന്തരമായി തുറക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം"
ഇ.എം. നജീബ്,
പ്രസിഡന്റ്, സി.കെ.ടി.ഐ