ന്യൂഡൽഹി: കൊവിഡിൽ തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ പുനഃക്രമീകരണത്തിന് മുൻഗണന ആവശ്യമായ മേഖലകളെ കണ്ടെത്താനായി റിസർവ് ബാങ്ക് രൂപീകരിച്ച അഞ്ചംഗ പാനൽ റിപ്പോർട്ട് സമർപ്പിച്ചു. 26 മേഖലകളെ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടാണ് പ്രമുഖ ബാങ്കർ കെ.വി. കാമത്ത് അദ്ധ്യക്ഷനായ പാനൽ റിസർവ് ബാങ്കിന് സമർപ്പിച്ചത്.
വായ്പാ പുനഃക്രമീകരണത്തിനുള്ള മാർഗനിർദേശങ്ങളും പാനൽ സമർപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ പലിശ, നികുതി ബാദ്ധ്യതയ്ക്ക് മുമ്പുള്ള വരുമാനസ്ഥിതി ഉൾപ്പെടെ അഞ്ച് ഘടകങ്ങൾ പരിഗണിച്ചായിരിക്കും പുനഃക്രമീകരണം. തിരിച്ചടയ്ക്കാൻ കൂടുതൽ സാവകാശം കിട്ടും. ഇ.എം.ഐയിലും കുറവ് വരുത്താം.
ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ സി.ഇ.ഒയും ബ്രിക്സ് ബാങ്കിന്റെ മുൻ അദ്ധ്യക്ഷനുമായിരുന്നു കെ.വി. കാമത്ത്. എസ്.ബി.ഐ എക്സിക്യൂട്ടീവ് ദിവാകർ ഗുപ്ത, കനറാ ബാങ്ക് ചെയർമാൻ ടി.എൻ. മനോഹരൻ, കൺസൾട്ടന്റ് അശ്വിൻ പരേഖ്, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) സി.ഇ.ഒ സുനിൽ മേത്ത എന്നിവരാണ് മറ്റ് പാനൽ അംഗങ്ങൾ.
ഇവയ്ക്ക് മുൻഗണന
ഊർജം, നിർമ്മാണം, ഇരുമ്പും സ്റ്റീലും, റോഡ്, റിയൽ എസ്റ്റേറ്റ്, മൊത്ത വ്യാപാരം, വസ്ത്രവ്യാപാരം, കൺസ്യൂമർ ഡ്യൂറബിൾസ്, വ്യോമയാനം, ലോജിസ്റ്റിക്സ്, ഹോട്ടൽ, റെസ്റ്റോറന്റ്, ടൂറിസം, ഖനനം, തുറമുഖം, ഷിപ്പിംഗ്, വാഹന ഘടകങ്ങൾ, വാഹന നിർമ്മാണം തുടങ്ങി 26 മേഖലകൾ.
പുനഃക്രമീകരിക്കാൻ
₹37.72 ലക്ഷം കോടി
ഇന്ത്യയിലെ മൊത്തം കോർപ്പറേറ്റ് വായ്പാ മൂല്യം 52.59 ലക്ഷം കോടി രൂപയാണ്. ഇതിൽ 37.72 ലക്ഷം കോടി രൂപയുടെ (72 ശതമാനം) വായ്പകൾ പുനഃക്രമീകരണത്തിന് യോഗ്യമാണെന്ന് പാനൽ വ്യക്തിമാക്കി.
15.52 ലക്ഷം കോടി രൂപയുടെ (29.4 ശതമാനം) വായ്പകളാണ് കൊവിഡ് കൊണ്ടുമാത്രം പ്രതിസന്ധിയിലായത്. 42.1 ശതമാനം വായ്പകൾ (22.20 ലക്ഷം കോടി രൂപ) കൊവിഡിന് മുമ്പേ പ്രതിസന്ധിയിലായിരുന്നു. ഇതിൽ 7.98 ലക്ഷം കോടി രൂപ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി) നൽകിയ വായ്പകളാണ്.
കടക്കെണി
(പ്രമുഖ മേഖലകളും വായ്പാബാദ്ധ്യതയും - ലക്ഷം കോടിയിൽ)
ഊർജം : ₹5.69
സ്റ്റീൽ : ₹2.66
റിയൽ എസ്റ്റേറ്റ് : ₹2.29
നിർമ്മാണം : ₹1.03
ലോഹം : ₹0.84
വാഹനം : ₹0.84
ആഭരണം : ₹0.56
ഭക്ഷ്യ എണ്ണ : ₹0.18
വ്യോമയാനം : ₹0.09
ഷിപ്പിംഗ് : ₹0.05
കൊവിഡിൽ തളർന്നവ
കൊവിഡ് മൂലം മാത്രം പ്രതിസന്ധി നേരിട്ട മേഖലകളാണ് ചില്ലറ-മൊത്ത വ്യാപാരം, റോഡ്, വസ്ത്രം, എൻജിനിയറിംഗ്, പെട്രോളിയം, കൽക്കരി, തുറമുഖം, സിമന്റ്, കൽക്കരി, ആശുപത്രി, ടൂറിസം, ഹോട്ടൽ, റെസ്റ്റോറന്റ്, ഖനനം, പേപ്പർ, വിമാനത്താവളം തുടങ്ങിയവ. ഇവയുടെ സംയുക്ത വായ്പാ ബാദ്ധ്യത 15.52 ലക്ഷം കോടി രൂപയാണ്.