ക്വാലാലംപൂർ: കൊവിഡ് ഭീതിമൂലം മലേഷ്യയും തായ്ലാൻഡും സ്വീകരിക്കാതെ തിരിച്ചയച്ച മുന്നൂറോളം റോഹിംഗ്യൻ മുസ്ലീങ്ങൾ ആറുമാസത്തിന് ശേഷം കരയ്ക്കെത്തി. ഇന്നലെയോടെയാണ് സംഘം ഇന്തോനേഷ്യയിലെത്തിയത്. അഭയം തേടി കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഇവർ തെക്കൻ ബംഗ്ലാദേശിൽ നിന്ന് മലേഷ്യയും തായ്ലാൻഡും ലക്ഷ്യമിട്ട് യാത്ര പുറപ്പെട്ടത്.
297 മുതിർന്നവരും പതിനാലോളം കുട്ടികളുമാണ് ദുരിതത്തിൽ നിന്ന് കരകയറാനായി ബോട്ടിൽ യാത്രയായത്. എന്നാൽ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മലേഷ്യയും തായ്ലാൻഡും ഇവരെ തിരിച്ചയച്ചു. ആറുമാസത്തോളം കടലിൽ കുടുങ്ങിയ ഇവരെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
2015ന് ശേഷം ഇന്തോനേഷ്യയിലേക്ക് ആദ്യമായിട്ടാണ് ഇത്രയും റോഹിംഗ്യകളെത്തുന്നതെന്നും, മനുഷ്യക്കടത്തുകാർ പണം ആവശ്യപ്പെട്ട് അവരെ ബോട്ടിൽ തടഞ്ഞുവച്ചതായിരിക്കാമെന്നും റോഹിംഗ്യകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധസംഘടന വ്യക്തമാക്കി. റോഹിംഗ്യകളുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നെന്നും, പ്രദേശവാസികൾ ഇവർക്ക് ഭക്ഷണവും വസ്ത്രവും നൽകിയെന്നും സംഘടന അറിയിച്ചു. മ്യാൻമറിലെ ശിക്ഷ പേടിച്ചാണ് റോഹിംഗ്യൻ തെക്കുകിഴക്കൻ രാജ്യങ്ങളിലേക്ക് കരമാർഗവും കടൽമാർഗവും പാലായനം ചെയ്യുന്നത്.