കനിഷ്കാ ശർമ്മയിൽനിന്ന് 'കാളി' അഭ്യസിച്ച ആദ്യ മലയാളി
തൊടുപുഴ: മൂന്ന് സെക്കൻഡിൽ എതിരാളിയെ നിലംപരിശാക്കുന്ന അപകടരമായ ഫിലിപ്പൈൻസ് ആയോധനകല 'കാളി' അഭ്യസിച്ച ആദ്യ മലയാളിയാണ് രാഹുൽ. ഇതുവരെ ഒരാളോടുപോലും വഴക്കിടാത്ത ഈ 31 കാരൻ തൊടുപുഴയിലൊരു കൊച്ചു ബ്യൂട്ടിപാർലർ നടത്തി ജീവിക്കുന്നു.
മോഹൻലാൽ തകർത്തഭിനയിച്ച 'യോദ്ധ' സിനിമ ആവർത്തിച്ച് കണ്ട് മതിമറന്ന്, ആകെയുണ്ടായിരുന്ന ബൈക്ക് വിറ്റ് 19-ാം വയസിൽ നേപ്പാളിലേക്ക് പോയതാണ് രാഹുൽ. മോഹൻലാൽ ചെയ്യുന്നതുപോലുള്ള ആയോധനകലകൾ അഭ്യസിക്കാൻ. കൂടെ ജോലി ചെയ്തിരുന്ന ബംഗാളിയെയും കൂട്ടിയായിരുന്നു യാത്ര. അവിടെ എത്തിയപ്പോൾ ബംഗാളി അയാളുടെ വഴിയേ പോയി. മോഹം പൂവണിയാതെ ദിവസങ്ങൾക്കകം നാട്ടിലേക്ക് മടങ്ങി. തൊടുപുഴ മുതലക്കോടം പുത്തൻപറമ്പിൽ പി.എസ്. രാഹുൽ നിരാശനായില്ല. ബ്യൂട്ടിപാർലറിലെ ജോലി തുടർന്നു. കിട്ടുന്ന പൈസ കൂട്ടിവച്ച് ചിട്ടിക്കടച്ചു. അങ്ങനെ സ്വരൂപിച്ച ഒരു ലക്ഷം രൂപയുമായി പൂനെയിലെത്തി. ഇന്ത്യൻ സൈന്യത്തെയും ബോളിവുഡ് താരങ്ങളെയും ആയോധനകല അഭ്യസിപ്പിക്കുന്ന പ്രസിദ്ധനായ കനിഷ്കാ ശർമ്മയുടെ കേരളത്തിലെ ആദ്യ ശിഷ്യനായി മാറി. ഒരു മാസത്തെ കഠിന പരിശീലനത്തിനുശേഷം തിരിച്ചെത്തി ജോലി തുടർന്നു, ചിട്ടിപിടിച്ച് പണമുണ്ടാക്കി വീണ്ടും ഗുരുവിന് മുന്നിലെത്തി. ഇത്തരത്തിൽ പലതവണയായി 10 വർഷങ്ങൾകൊണ്ട് അഭ്യസിച്ചത് ഏഴ് ആയോധനകലകൾ.
രാഹുലിനെ തേടി ആയോധനകല പഠിക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്ന് യുവാക്കൾ എത്തിത്തുങ്ങിയപ്പോഴാണ് വ്യത്യസ്തനായ ബാർബറാം രാഹുലിനെ നാട്ടുകാരും വീട്ടുകാരും തിരിച്ചറിയുന്നത്. ആയോധനകലകൾ പഠിപ്പിക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ടും രാഹുലിനുണ്ട്. കരാട്ടെ, ഷാവോലിൻ കുങ്ഫു, കളരി, കാളി, ബോക്സിംഗ്, തൈക്കോണ്ടൊ, തായ്ചീ, ജീക്കൂണ്ടൊ തുടങ്ങി യോഗ വരെ രാഹുലിന് വഴങ്ങും. ഭൂട്ടാനിലും രണ്ട് തവണ നേപ്പാളിലും പോയി അഭ്യസിച്ചിട്ടുണ്ട്. സിനിമയിൽ സ്റ്റണ്ട് മാസ്റ്റർ ആകണമെന്നാണ് അവിവാഹിതനായ രാഹുലിന്റെ ആഗ്രഹം.
''നാട്ടിൽ കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് നേടിയപ്പോൾ എത്രപേരെ വേണമെങ്കിലും ഇടിച്ചിടാനുള്ള ശേഷി ഉണ്ടെന്നാണ് കരുതിയത്. ഉത്തരേന്ത്യയിലെത്തി ഓരോ ആയോധനകലയും പഠിച്ചപ്പോഴാണ് മനസിലായത്, ഞാൻ എത്ര നിസാരനാണെന്ന്. ആരെയും തല്ലാനല്ല ആയോധനകല. സ്വയം പ്രതിരോധത്തിനാണ്. ക്ഷമയും മനഃശക്തിയുമാണ് അടിസ്ഥാനം. 'കാളി' സ്ത്രീകൾ പഠിച്ചിരിക്കേണ്ടതാണ്.
- പി.എസ്. രാഹുൽ
ചീനപ്പട്ടാളത്തെ തുരത്തിയ കാളി
ഫിലിപ്പൈൻസ് ആയോധനകലയാണ് 'കാളി". ആയുധത്തോടെയോ അല്ലാതെയോ എതിരാളിയെ മൂന്ന് സെക്കൻഡിനുള്ളിൽ കീഴ്പ്പെടുത്തുന്ന അപകടകരമായ ആയോധനകലയാണിത്. ഇന്ത്യാ- ചൈന അതിർത്തിയായ ഗാൽവനിൽ ഇരുസൈന്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം കാളി പ്രയോഗിച്ചാണ് ചൈനീസ് പട്ടാളക്കാരെ തുരത്തിയത്. രാഹുലിന്റെ ഗുരുനാഥനും എട്ട് ആയോധനകലകളിൽ നിപുണനുമായ കനിഷ്ക ശർമ്മ പരിശീലിപ്പിച്ച സൈനികരായിരുന്നു അത്.