റിയാദ്: മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധക്കേസിൽ ശിക്ഷ വിധിച്ച് സൗദി അറേബ്യ. പ്രതികളായ എട്ടുപേരിൽ അഞ്ചുപേർക്ക് 20 വർഷം തടവും ഒരാൾക്ക് 10 വർഷം തടവും രണ്ടു പേർക്ക് ഏഴു വർഷം തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാൽ, ശിക്ഷിക്കപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സൗദി കോടതിയുടെ വിധി ന്യായവും കുറ്റകൃത്യങ്ങൾക്കുള്ള പ്രതിരോധവുമാണെന്ന് ഖഷോഗിയുടെ കുടുംബ അഭിഭാഷകൻ പറഞ്ഞു. തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വച്ചാണ് ഖഷോഗി കൊല്ലപ്പെട്ടത്. മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. കേസിൽ അഞ്ച് പ്രതികൾക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഖഷോഗിയുടെ മകൻ കഴിഞ്ഞ മേയിൽ പ്രതികള്ൾക്ക് മാപ്പ് നൽകി. ഇതോടെയാണ് ഇവർ വധശിക്ഷയിൽ നിന്ന് ഒഴിവായത്. പകരം 20 വർഷം തടവ് ശിക്ഷ അനുഭവിക്കണം. അതേസമയം, നഷ്ടപരിഹാരം നല്കി കേസ് ഒത്തുതീർപ്പാക്കിയെന്നും സൂചനയുണ്ട്.
കഴിഞ്ഞ മാർച്ചിൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 20 സൗദി പൗരന്മാർക്കെതിരെ തുർക്കി പ്രോസിക്യൂട്ടർ കുറ്റം ചുമത്തിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സഹായികളായ ഉദ്യോഗസ്ഥരും കുറ്റക്കാരിലുണ്ടായിരുന്നു. ഇതോടെ സൽമാൻ രാജകുമാരനും കൊലപാതകത്തിൽ പങ്കുണ്ടെന്ന രീതിയിൽ വാർത്തകൾ വന്നെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. സൗദി അറേബ്യയുടെ മുൻ ഡെപ്യൂട്ടി ഇന്റലിജൻസ് മേധാവി അഹമ്മദ് അൽ അസീരിയാണ് കൊലപാതകത്തിന് സംഘമുണ്ടാക്കിയതെന്ന് കുറ്റപത്രത്തിലുണ്ട്. പങ്കെടുത്തവരിലേറെയും സൗദി ഉദ്യോഗസ്ഥരായിരുന്നു.