തിരുവനന്തപുരം: സ്ത്രീപീഡനവുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനിടെയുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ 'നാക്കുപിഴ" വിവാദത്തിൽ. യു.ഡി.എഫ് യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുമ്പോഴാണ് സംഭവം. വാർത്താലേഖകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ഡി.വൈ.എഫ്.ഐക്കാർ മാത്രമേ പീഡിപ്പിക്കാവൂ എന്നെവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്ന പരാമർശമുണ്ടായത്. വൈകാതെ സമൂഹമാദ്ധ്യമങ്ങളിൽ ഇത് ചൂടേറിയ ചർച്ചയായി.
ചെന്നിത്തലയുടെ നിലപാട് പ്രതിഷേധാർഹവും സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ പ്രതിപക്ഷനേതാവ് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുവനിതാ സംഘടനകളും ചെന്നിത്തലയ്ക്കെതിരെ രംഗത്തെത്തി.
അതേസമയം വാർത്താസമ്മേളനത്തിൽ നിന്ന് ഒരു വാചകം മാത്രം അടർത്തിയെടുത്ത് തന്നെ പരിഹസിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പിന്നീട് വിശദീകരണക്കുറിപ്പിറക്കി. ഡി.വൈ.എഫ്.ഐക്കാർ മാത്രമല്ല, ഭരണപക്ഷ സർവീസ് സംഘടനയായ എൻ.ജി.ഒ യൂണിയൻകാരും പീഡിപ്പിക്കുന്നുണ്ടെന്ന അർത്ഥത്തിലാണ് താൻ പറഞ്ഞത്. സ്ത്രീകൾക്കെതിരെ ഒരു തരത്തിലുള്ള പീഡനവും പാടില്ലെന്നാണ് ഉദ്ദേശിച്ചത്. കൊവിഡ് രോഗികളായ യുവതികളെ പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാനത്ത് അലയടിക്കുന്ന രോഷത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കുതന്ത്രത്തിൽ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
സംഭവം ഇങ്ങനെ
സംസ്ഥാനത്തെ ക്രമസമാധാനത്തകർച്ച ചൂണ്ടിക്കാട്ടുന്നതിന്റെ ഭാഗമായി കൊവിഡ് ബാധിതയായ പെൺകുട്ടിക്കും കൊവിഡില്ലാ സർട്ടിഫിക്കറ്റിന് പോയ സ്ത്രീക്കുമെതിരെ പീഡനങ്ങളുണ്ടായത് വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നു. ആംബുലൻസിൽ പെൺകുട്ടിയെ പീഡിപ്പിച്ചത് ഡി.വൈ.എഫ്.ഐക്കാരനാണെന്ന് പറഞ്ഞ പ്രതിപക്ഷനേതാവിനോട്, കൊവിഡില്ലാ സർട്ടിഫിക്കറ്റ് വാങ്ങാൻ പോയവരെ പീഡിപ്പിച്ച ഹെൽത്ത് ഇൻസ്പെക്ടർ എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകനല്ലേയെന്ന് വാർത്താലേഖകർ ചോദിച്ചു. അപ്പോഴാണ് വിവാദപരാമർശമുണ്ടായത്. ഹെൽത്ത് ഇൻസ്പെക്ടർ എൻ.ജി.ഒ യൂണിയൻ പ്രവർത്തകനാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.