വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തതോടെ ഇരുപാർട്ടികളും തമ്മിലുള്ള വാക്പോരുകൾ മുറുകുന്നു. കൊവിഡ് വാക്സിന്റെ പേരിൽ തന്നെ വിമർശിച്ച ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മണ്ടനെന്ന് (സ്റ്റുപ്പിഡ്) വിളിച്ചത് വിവാദമായി.
വാക്സിൻ വിമർശനത്തിൽ ബൈഡൻ മാപ്പ് പറയണമെന്നും ട്രംപ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് മുമ്പ് കൊവിഡ് പ്രതിരോധ വാക്സിൻ അമേരിക്കൻ ജനതയ്ക്ക് ലഭ്യമാക്കുമെന്ന ട്രംപിന്റെ വാക്കുകളെ കടുത്ത വിമർശനത്തോടെയാണ് ബൈഡൻ നേരിട്ടത്. വാക്കുകൾ കൊണ്ടുള്ള കസർത്ത് എന്നായിരുന്നു ബൈഡൻ അതിനെ വിശേഷിപ്പിച്ചത്. ട്രംപിന്റെ വാദത്തെ തട്ടിപ്പെന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസ് പറഞ്ഞത്. ഇതോടെയാണ് വൈറ്റ് ഹൗസിൽ നടന്ന അഭിമുഖത്തിൽ ട്രംപ് ഇരുവർക്കുമെതിരെ പൊട്ടിത്തെറിച്ചത്. തനിക്കുള്ള എതിരാളിയല്ല ബൈഡനെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റിന്റെ വാക്കുകൾ വിവാദമായിട്ടുണ്ട്.