ബീജിംഗ്: സമരത്തിൽ പങ്കെടുത്തെന്നാരോപിച്ച് പന്ത്രണ്ടുകാരിയെ മർദ്ദിച്ച ഹോങ്കോംഗ് പൊലീസിനെതിരെ ലോകമെമ്പാടും വിമർശനം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച വീഡിയോ പുറത്തുവന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് കടയിൽ സാധനം വാങ്ങാൻ ഇറങ്ങിയതായിരുന്നു പന്ത്രണ്ടുകാരി പമേലയും സഹോദരനും കൂട്ടുകാരനും. സമരം കണ്ട് ഭയന്ന് ഒതുങ്ങുന്നതിനിടെ പമേലയെ പൊലീസ് വളഞ്ഞു. സമരക്കാരിയല്ലെന്ന് പറഞ്ഞെങ്കിലും പൊലീസുകാർ നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. അന്ന് അറസ്റ്റിലായ 300 ഓളം പേരിൽ പമേലയുടെയോ സഹോദരന്റെയോ സുഹൃത്തിന്റെയോ പേരില്ലായിരുന്നു. സംഭവം വിവാദമായതോടെ മറ്റൊരു പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. ബഹളം കണ്ട് ഒതുങ്ങി മാറി നിൽക്കാൻ നിർദ്ദേശിച്ചിട്ടും മൂവരും മുങ്ങുകയായിരുന്നുവെന്നും കൊവിഡ് നിയമങ്ങൾ കാറ്റിൽപ്പറത്തി കൂട്ടമായി സഞ്ചരിച്ചതിന് പിഴയടയ്ക്കാൻ നിർദ്ദേശിച്ചുവെന്നുമാണ് പൊലീസ് ഭാഷ്യം. പെൺകുട്ടിയെ മർദ്ദിച്ച പൊലീസ് നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരിക്കുകയാണ്.