മോട്ടോർ വാഹന വകുപ്പിന് പുതിയ മെഷീൻ
ആറു ദിവസത്തിനുള്ളിൽ ഈടാക്കിയ പിഴ 1.25 ലക്ഷം
ആലപ്പുഴ: മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ ഇ- ചെലാൻ ആപ്പ് ഉപയോഗിച്ചു തുടങ്ങിയതോടെ പിഴയിനത്തിൽ വരുമാനം കൂടുന്നു. ആറ് ദിവസത്തിനുള്ളിൽ 103 കേസുകളിലായി 1.25 ലക്ഷമാണ് പിഴചുമത്തിയത്.
അമിത വേഗം, ഹെൽമെറ്റ്, ലൈസൻസ്, സീറ്റ് ബെൽറ്റ്, ഇൻഷ്വറൻസ്, ടാക്സ്, ടെസ്റ്റ്, പെർമിറ്റ് തുടങ്ങിയവ ഇല്ലാതെയുള്ള യാത്ര എന്നീ കുറ്റങ്ങൾക്കാണ് പിഴ ഈടാക്കിയത്. പണം കൈവശമില്ലെങ്കിൽ ഓൺലൈനായി അടയ്ക്കാനുള്ള സംവിധാനവും ഉണ്ട്. നിറുത്താതെ പോകുന്ന വാഹന ഉടമകളുടെ മൊബൈലിലേക്ക് എസ്.എം.എസ് ആയി പിഴത്തുകയുടെ വിവരമെത്തും. കേന്ദ്രസർക്കാരാണ് മോട്ടോർ വാഹന വകുപ്പിനായി ഇ- ചെലാൻ ആപ്പ് തയ്യാറാക്കിയത്. ആറ് മെഷീനുകളാണ് ജില്ലയിലെ മോട്ടോർ വാഹന വകുപ്പിനു ലഭിച്ചത്. ഇത് ഉപയോഗിച്ചുള്ള പരിശോധന സെപ്തംബർ ഒന്നിന് ആരംഭിച്ചു.
വ്യാജ നമ്പർ പ്ളേറ്റുകൾ ഉപയോഗിച്ച് ബൈക്കുകളിൽ പായുന്ന യുവാക്കളാണ് കുടുങ്ങുന്നവരിൽ കൂടുതലും. നിയമാനുസൃതമല്ലാത്ത നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗിക്കുന്നതിനാൽ കുറ്റകൃത്യങ്ങളും അപകടങ്ങളും സംഭവിക്കുമ്പോൾ വാഹനങ്ങൾ കണ്ടെത്താൻ പൊലീസിനും മോട്ടോർ വാഹനവകുപ്പിനും കഴിയാത്ത സാഹചര്യമായിരുന്നു. വ്യാജ നമ്പർ പ്ലേറ്റുകൾ, നിയമാനുസൃതമല്ലാതെ ഫാൻസി സ്റ്റിക്കർ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെയും നടപടി കർശനമാക്കിയിട്ടുണ്ട്.
എല്ലാ ഉദ്യോഗസ്ഥരിലേക്കും
ജില്ലയിൽ ഒരു ആർ.ടി.ഒ ഓഫീസും ആറ് സബ് ആർ.ടി ഓഫീസുകളുമാണുള്ളത്. പുറമേ ആറ് സ്ക്വാഡും അത്രയും തന്നെ എൻഫോഴ്സ്മെന്റ് വിഭാഗവുമുണ്ട്. ഇപ്പോൾ ആറ് ഇ-ചെലാൻ മെഷീനുകളാണ് വകുപ്പിന് ലഭിച്ചിട്ടുള്ളത്. എല്ലാ ഉദ്യോഗസ്ഥരും സ്വന്തം മൊബൈൽ ഫോണിൽ നിലവിലെ ആപ്പ് ഡൗൺലോഡ് ചെയ്തതാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. എല്ലാ ഉദ്യോഗസ്ഥർക്കും മെഷീൻ നൽകാൻ പദ്ധതിയുണ്ട്. അടുത്ത ദിവസം മുതൽ ഉദ്യോഗസ്ഥർ പുതിയ സംവിധാനം ഉപയോഗിച്ച് വാഹന പരിശോധന കർശനമാക്കും.
............................................
ഇ- ചെലാൻ ആപ്പ്
അമിത വേഗത്തിൽ കടന്നു പോകുന്ന വാഹനങ്ങളുടെ ഫോട്ടോ ആപ്പിലേക്ക് സ്കാൻ ചെയ്താൽ വാഹനത്തിന്റെ വേഗം, ലോക്കേഷൻ, ചെയ്ത കുറ്റം എന്നിവ കൃത്യമായി രേഖപ്പെടുത്തും. തുടർന്നുള്ള ഒപ്ഷൻ ടിക് ചെയ്താൽ വാഹന ഉടമയുടെ ഫോണിൽ എസ്.എം.എസ് ആയി പിഴത്തുകയുടെ വിവരം ലഭിക്കും. വ്യാജ നമ്പർ ഉപയോഗിക്കുന്നവരെ കണ്ടെത്താനും ഇതിലൂടെ വേഗത്തിൽ കഴിയും. നമ്പർ അപ് ലോഡ് ചെയ്യുമ്പോൾ വാഹനത്തിന്റെ പൂർണ്ണ വിവരം ലഭിക്കും. വ്യാജനമ്പരാണെങ്കിൽ പൊലീസിന് വിവരം കൈമാറും.
...............................
കൊവിഡിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഔദ്യോഗിക മൊബൈൽ ആപ്പാണ് ഇ- ചെലാൻ. ഇത് പൊതുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. ഉദ്യോഗസ്ഥർക്ക് മൊബൈൽഫോണിൽ ഡൗൺലോഡ് ചെയ്തു പരിശോധന നടത്താം. പിഴയടയ്ക്കാൻ കൈവശം പണം ഇല്ലാത്തവർ ഓൺലൈനായി അടയ്ക്കാം. പിഴത്തുക അടച്ചില്ലെങ്കിൽ കോടതിയുടെ സഹായത്തോടെ ഈടാക്കും
ആർ.ടി.ഒ, ആലപ്പുഴ