കോഴിക്കോട്: ലോക്ക് ഡൗൺ കാലം വൈവിധ്യമാർന്ന കലയും കാഴ്ചകളുമായാണ് സോഷ്യൽ മീഡിയ ഓരോ ദിവസവും ഉണർന്നത്. എന്നാൽ കണ്ണൂർ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ രാജേഷ് വാര്യർ തിരഞ്ഞെടുത്തത് വേറിട്ട വഴിയാണ്. ഇംഗ്ലീഷ് ഭാഷ പഠിക്കാൻ വാട്സ് ആപ്പിൽ ഒരു പ്ലാറ്റ്ഫോം ഒരുക്കി. 'വേർഡ് പവർ' എന്ന് പേരുമിട്ടു. ദിവസവും ഒരു ഇംഗ്ലീഷ് വാക്ക് വാട്സ് ആപ്പിലൂടെ പരിചയപ്പെടുത്തികൊണ്ടായിരുന്നു തുടക്കം. ആദ്യഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഒരു ദിവസം ഒരു പുതിയ വാക്ക് നൽകി. പിന്നീട് നാലും അഞ്ചും വാക്കുകൾ വരെ എത്തി. സ്വന്തം സ്കൂളിൽ നിന്ന് പല സ്കൂളുകളിലേക്ക് പടർന്ന ഇംഗ്ലീഷ് ഭാഷാ പഠനം ഇപ്പോൾ വൈറലാണ്. വാക്കുകൾ പരിചയപ്പെടുത്തൽ മാത്രമല്ല, അവയുടെ മലയാളം അർത്ഥം, ഉച്ചാരണം, പര്യായം, പ്രയോഗവും തുടങ്ങി എല്ലാമുണ്ട് രാജേഷ് വാര്യരുടെ വാട്സ് ആപ്പിൽ. ദിവസവും ഇംഗ്ലീഷ് പത്രം വായിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്യും. പാലക്കാട് മുതൽ കാസർകോട് വരെയുള്ള നൂറുകണക്കിന് വിദ്യാർത്ഥികളാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. എളുപ്പത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പഠന പദ്ധതി 100 ദിവസം പിന്നിട്ടു. വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ എളുപ്പം മനസിലാക്കുന്നതിനായി യൂ ട്യൂബ് ക്ലാസുമുണ്ട്. കവി, പ്രഭാഷകൻ, പരിസ്ഥിതി പ്രവർത്തകൻ,ലേഖകൻ എന്നിങ്ങനെ പ്രശസ്തനായ രാജേഷ് വാര്യർ 2013ൽ മികച്ച ലേഖനത്തിനുള്ള സംസ്ഥാന സർക്കാറിന്റെ ജലനിധി പുരസ്കാരം നേടിയിട്ടുണ്ട്. ഭാര്യ: ഇന്ദു. മക്കൾ: ശ്രീരാജ് വാര്യർ, ദർശൻ രാജ്.