പാരീസ്: ഫ്രാൻസിലെ ഡോർഡോണിലുള്ള 82കാരൻ ഇന്ത്യയിലിറങ്ങിയ സൂപ്പർ ഹിറ്റ് 'ഈച്ച"യെന്ന സിനിമ കണ്ടിട്ടുണ്ടാകുമോ എന്തോ? എന്തായാലും സിനിമയിലേതിനു സമാനമായ ഒരു സംഭവമാണ് ഇപ്പോൾ ഡോർഡോണിൽ നിന്ന് പുറത്തുവരുന്നത്. ഒരു ഈച്ചയെ കൊല്ലാൻ ശ്രമിച്ചു. പകരം കത്തിപ്പോയത് സ്വന്തം വീട്. ഭക്ഷണം കഴിക്കുന്നതിനിടെ ശല്യം ചെയ്ത ഈച്ചയെ കൊല്ലാനുള്ള ശ്രമമാണ് അത്യാഹിതത്തിൽ കലാശിച്ചത്.
പൊലീസ് പറയുന്നത് ഇങ്ങനെ: വെള്ളിയാഴ്ച വൈകീട്ട് 7.45 ന് ഡോർഡോണിയിലെ പാരക്കോളിൽ താമസിക്കുകയായിരുന്ന 82 വയസുകാരൻ ഭക്ഷണം കഴിക്കുന്നതിനിടെ ഈച്ച ശല്യം ചെയ്തു. ആദ്യമൊക്കെ കൈ കൊണ്ട് പതുക്കെ ആട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും കക്ഷി പിന്നീട് കേറി കൂടുതൽ ശല്യപ്പെടുത്താൻ തുടങ്ങി. ഇതോടെ വീട്ടിൽ പ്രാണികളെ ഓടിക്കുന്ന ഇലക്ട്രിക്ക് റാക്കറ്റ് ഉപയോഗിച്ച് ഇതിനെ അടിച്ചു കൊല്ലാൻ ശ്രമിച്ചു.
എന്നാൽ ഇതേ സമയം അടുക്കളയിലെ ഗ്യാസ് സിലണ്ടർ ലീക്ക് ചെയ്യുന്നുണ്ടായിരുന്നു. ഗ്യാസിന് സമീപം ഇരുന്ന ഈച്ചയെ ഇലക്ട്രിക് ബാറ്റുകൊണ്ട് തല്ലുന്നതിനിടെ ഉണ്ടായ ചെറിയ ഷോക്കിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനവും തീപിടിത്തവും ഉണ്ടായി. 82കാരന് സാരമായ പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വീട്ടുകാരൻ ലിബോൺ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ വലിയൊരു ഭാഗം കത്തിപ്പോയി. അയൽക്കാരാണ് ആദ്യം വീട്ടിൽ സ്ഫോടനവും തീപിടുത്തവും ശ്രദ്ധിച്ചത്. ഇവർ അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസും അഗ്നിശമന വിഭാഗവും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം കത്തിപ്പോയി. സിനിമയിൽ പുനർജന്മമായി എത്തുന്ന പ്രതികാര ദാഹിയായ ഈച്ചയുടെ കഥയാണ് പറയുന്നത്. വില്ലനെ ഉന്മൂലനാശം വരുത്തുന്ന ഈച്ച.