ന്യൂഡൽഹി: ലോക്സഭയിൽ ഒഴിഞ്ഞു കിടക്കുന്ന ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയെ നിർദ്ദേശിക്കാൻ കോൺഗ്രസിന്റെ തന്ത്ര രൂപീകരണ യോഗം തീരുമാനിച്ചു.
സെപ്തംബർ14ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി നിറുത്താനുള്ള തന്ത്രങ്ങൾ യോഗം ചർച്ച ചെയ്തു.
പൊതുവിൽ പ്രതിപക്ഷ എം.പിമാർക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുന്ന കീഴ്വഴക്കം പരിഗണിച്ചാണ് പൊതു സ്ഥാനാർത്ഥിയെ നിറുത്താനുള്ള കോൺഗ്രസ് നീക്കം. കഴിഞ്ഞ ലോക്സഭയിൽ അണ്ണാ ഡി.എം.കെയുടെ തമ്പി ദുരൈ ആയിരുന്നു ഡെപ്യൂട്ടി സ്പീക്കർ. എന്നാൽ നിർണായക ഘട്ടങ്ങളിൽ അണ്ണാ ഡി.എം.കെ സർക്കാരിനൊപ്പം നിന്നു.
സ്പീക്കറുടെ അസാന്നിധ്യത്തിൽ സഭാ നടപടികൾ നിയന്ത്രിക്കേണ്ട ഡെപ്യൂട്ടി സ്പീക്കറുടെ നിയമനം അടുത്തകാലത്തെങ്ങും ഇത്രയും വൈകിയിട്ടില്ല. മൺസൂൺ സമ്മേളനത്തിനിടെ ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സെപ്തംബർ 11ആണ് പത്രിക സമർപ്പിക്കേണ്ട അവസാന തിയതി.
അതിനിടെ ജെ.ഡി.യു നേതാവ് ഹരിവംശ് കഴിഞ്ഞ ഏപ്രിലിൽ വിരമിച്ചതിനെ തുടർന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്റെ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്.
23 നേതാക്കൾ മാറ്റം ആവശ്യപ്പെട്ട് കത്തയച്ചതിന് പിന്നാലെയാണ് പാർലമെന്റ് സമ്മേളനത്തിൽ പാർട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള ലക്ഷ്യത്തോടെ പ്രത്യേക സമിതിക്ക് രൂപംനൽകിയത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ, എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ, ജയ്റാം രമേശ്, കെ.സി. വേണുഗോപാൽ, ആദിർ രഞ്ജൻ ചൗധരി, ഗൗരവ് ഗോഗോയ്, കൊടിക്കുന്നിൽ സുരേഷ്, മണിക്കം ടാഗോർ, രൺവീർ സിംഗ് ബിട്ടു എന്നിവരാണ് അംഗങ്ങൾ.