ഹൈദരാബാദ്: വില്ലനായും ഹാസ്യതാരമായും നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ട തെലുങ്ക് നടൻ ജയപ്രകാശ് റെഡ്ഡി (74) അന്തരിച്ചു. ഗുണ്ടൂരിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഈ വർഷം റിലീസായ മഹേഷ് ബാബു നായകനായ 'സരിലേരു നീക്കെവ്വാരു" ആണ് അവസാന ചിത്രം.
ആന്ധ്രാ പൊലീസിൽ സബ് ഇൻസ്പെക്ടർ ആയിരുന്ന ജയപ്രകാശ് 1988ലാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. വെങ്കടേശിന്റെ ബ്രഹ്മ പുത്രുഡുവായിരുന്നു ആദ്യചിത്രം.
ബാലകൃഷ്ണ നായകനായ സമരസിംഹ റെഡ്ഡി, പ്രേമിച്ചുകുണ്ഡം റാജുലായി, റെഡി, കിക്ക്, കബഡി കബഡി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. 1945 ഒക്ടോബർ 10ന് സാംബി റെഡ്ഡിയുടെയും സാമരാജ്യമ്മയുടെയും മകനായി ജനിച്ചു. ഭാര്യയുണ്ട്.
ജയപ്രകാശ് റെഡ്ഡിയുടെ മരണത്തിൽ ജെനീലിയ ദേശ്മുഖ്, കാജൽ അഗർവാൾ, മഹേഷ് ബാബു, ജൂനിയർ എൻ.ടി.ആർ, പ്രകാശ് രാജ്, സംഗീത സംവിധായകൻ എസ്.തമൻ, സംവിധായകൻ എസ്.എസ്.രാജമൗലി, മുൻ ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ അനുശോചിച്ചു.