ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ചെടുത്ത സ്പുടിനിക്ക് അഞ്ച് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്രം.
വാക്സിൻ പരീക്ഷണത്തിലും പ്രയോഗത്തിലും സഹകരിക്കുന്നതിനായി റഷ്യ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. വാക്സിൻ ഇന്ത്യയിൽ പരീക്ഷിക്കുന്നതും നിർമ്മാണത്തിൽ സഹകരിക്കുന്നതും അടക്കമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാർ പരിശോധിച്ച് വരികയാണ്. വളരെ പ്രധാന്യത്തോടെയാണ് റഷ്യയുടെ ആവശ്യത്തെ കാണുന്നതെന്നും നീതി ആയോഗ് അംഗം വി.കെ.പോൾ അറിയിച്ചു. റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക്കിന്റെ മൂന്നാംഘട്ട പരീക്ഷണ ഇന്ത്യയിൽ നടത്തിയേക്കും എന്നും വിവരമുണ്ട്.
24 മണിക്കൂറിൽ 1,113 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 75,809 കൊവിഡ് രോഗികളും 1,113 മരണവും. കഴിഞ്ഞ ദിവസം 90,000ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആകെ രോഗികൾ 42,80,423. ആകെ മരണം 72,775 ആയി ഉയർന്നു.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം മരണങ്ങൾ. 33,23,951 പേർ രോഗമുക്തി നേടിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
പൂനെ രണ്ട് ലക്ഷം കടന്ന ആദ്യ ജില്ല
രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്ന രാജ്യത്തെ ആദ്യ ജില്ലയായി മഹാരാഷ്ട്രയിലെ പൂനെ. ഇതുവരെ 2,03,468 രോഗികൾ. ആഗസ്റ്റ് അഞ്ചിനാണ് പൂനെയിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്. ഒരുമാസത്തിനുള്ളിൽ ഇരട്ടി വർദ്ധന. പരിശോധനകൾ വർദ്ധിച്ചതാണ് രോഗികളുടെ എണ്ണക്കൂടുതലിന് കാരണമെന്നാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ വിശദീകരണം.