ന്യൂഡൽഹി: അരുണാചൽപ്രദേശ് അതിർത്തിയിൽ കാണാതായ അഞ്ച് ഇന്ത്യക്കാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും ഉടൻ കൈമാറുമെന്നും ചൈനീസ് സേന അറിയിച്ചു.
മക്മഹോൻ അതിർത്തിയിൽ അഞ്ചുപേരെ കാണാതായതിനെ പറ്റി ഇന്ത്യൻ സേന അയച്ച ഹോട്ട്ലൈൻ സന്ദേശത്തിന് മറുപടിയായാണ് ചൈന സ്ഥിരീകരണം നൽകിയതെന്ന് അരുണാചലിൽ നിന്നുള്ള കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.
അതിർത്തിയിലെ ഇന്ത്യൻ സൈനികർക്കുള്ള സാധനങ്ങൾ തലച്ചുമടായി എത്തിക്കുന്ന അപ്പർ സുബൻസിരി ജില്ലാ സ്വദേശികളെ സെപ്റ്റംബർ ഒന്നിനാണ് അതിർത്തിയോട് ചേർന്ന പ്രദേശത്ത് കാണാതായത്. സാധനങ്ങൾ എത്തിച്ച ശേഷം കുന്നിൻമുകളിൽ മരുന്നുചെടികൾ പറിക്കാൻ പോയ അഞ്ചുപേരും കാട്ടിൽ കുടുങ്ങിയെന്നാണ് ബന്ധുക്കൾ കരുതിയത്. പിന്നീടാണ് ഇവർ ചൈനീസ് സേനയുടെ പിടിയിലായെന്ന് അറിഞ്ഞത്
ചൈനീസ് അതിർത്തി കടന്ന അഞ്ചുപേരും അവിടെ കസ്റ്റഡിയിലുണ്ടെന്ന് വിവരം ലഭിച്ചതായി കരസേനാ വക്താവ് ലെഫ്.കേണൽ ഹർഷവർദ്ധൻ പാണ്ഡെയും പറഞ്ഞു.