കോഴിക്കോട്: ജില്ലയിൽ പൊതുമരാമത്ത് റോഡുകളിലെ കുഴികൾ എത്രയും വേഗം അടയ്ക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗം പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. സിവിൽ സ്റ്റേഷൻ വളപ്പിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ നടത്തണം. കളക്ടറേറ്റ് വളപ്പിൽ സി സി ടി വി സ്ഥാപിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്താൻ തീരുമാനിച്ചു. അപകടാവസ്ഥയിലായ ബേപ്പൂർ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് പകരം നിർമ്മിക്കുന്ന പുതിയ കെട്ടിടം പണി വേഗത്തിലാക്കണമെന്ന് വി.കെ.സി മമ്മദ് കോയ എം.എൽ.എ ആവശ്യപ്പെട്ടു. അംബേദ്കർ ഗ്രാമം പദ്ധതിയിൽ ബേപ്പൂർ മണ്ഡലത്തിലെ കോളനികളായ കേലാർകുന്ന് മുണ്ടുകൽ, പടിക്കൽതാഴം, പൈക്കുറ്റി, തീയ്യത്ത് താഴം കോളനികളിലെ നിർമ്മാണ പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. വൈദ്യുതി ചാർജ് കുടിശിക ആയതിനാൽ കണക്ഷൻ വിച്ഛേദിക്കപ്പെട്ട അഞ്ച് പഞ്ചായത്തുകളിലെ 334 എസ് ടി കുടുംബങ്ങളുടെ 26, 42, 662 രൂപയുടെ കുടിശ്ശിക വിവരങ്ങൾ കെ. എസ്. ഇ. ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ സമർപ്പിച്ചിട്ടുണ്ടെന്ന് യോഗം അറിയിച്ചു. കുറ്റ്യാടി പുഴയിൽ മാലിന്യങ്ങൾ ഒഴുക്കി വിടുന്നത് തടയാൻ നടപടിയുണ്ടാകും. ആർഎം എസ് ഫണ്ടുപയോഗിച്ച് കുറ്റ്യാടി പുഴയുടെ ഇരു കരകളിലുമായി ഭിത്തികെട്ടി സംരക്ഷിക്കുന്നതിന് ഏഴ് പ്രവൃത്തികൾ ജില്ലാ വിദഗ്ധ സമിതി യോഗത്തിൽ അംഗീകാരത്തിനായി സമർപ്പിച്ചു. അടുപ്പിൽ കോളനി നിവാസികൾക്ക് വീട് വയ്ക്കുന്നതിനായി സ്ഥലം കണ്ടെത്തിയതായും ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർ, തഹസിൽദാർ,അസിസ്റ്റൻറ് എൻജിനിയർ മൈനർ ഇറിഗേഷൻ, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ ചേർന്ന് എത്രയും പെട്ടെന്ന് സ്ഥല പരിശോധന നടത്തേണ്ടതാണെന്നും കലക്ടർ നിർദേശം നൽകി. വെണ്ടകംപൊയിൽ കോളനിയിൽ കണ്ടെത്തിയ സ്ഥലത്തിന്റെ മാർക്കറ്റ് വില വില്ലേജ് ഓഫീസർ സമർപ്പിച്ചതായും പർച്ചേസ് കമ്മിറ്റി ഉടൻ ചേരുമെന്നും യോഗം അറിയിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സി എം എൽ ആർ ആർ പി പദ്ധതി പ്രകാരം ഏഴ് റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരുകോടി 29 ലക്ഷം രൂപയുടെ അടങ്കൽ തുക വകയിരുത്തിയിട്ടുണ്ട്. ഇതിൽ 25 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് എഗ്രിമെൻറ് വെച്ചു. ബാക്കി പ്രവൃത്തികളിൽ 45 ലക്ഷം രൂപയുടെ മൂന്ന് പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും 59 ലക്ഷം രൂപയുടെ രണ്ട് പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനായി സമർപ്പിച്ചതായും അധികൃതർ യോഗത്തിൽ പറഞ്ഞു. എം.എൽ.എ മാരായ വികെസി മമ്മദ് കോയ, സി.കെ നാണു, എ.ഡി.എം റോഷ്നി നാരായണൻ, ഡെപ്യൂട്ടി കളക്ടർമാരായ ഷാമിൻ സെബാസ്റ്റ്യൻ, സി ബിജു, അസിസ്റ്റൻറ് കളക്ടർ ശ്രീധന്യ സുരേഷ്, പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.