നാദാപുരം: ചെന്നൈയിൽ സി.ആർ.പി.എഫ് 77ാം ബറ്റാലിയനിലെ ഡെപ്യൂട്ടി കമൻഡാന്റ് വളയം കാക്കച്ചി പുതിയോട്ടിൽ ശ്രീജനെ (50) സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി. പൂനെമല്ലിയ്ക്കടുത്തുള്ള കരയൻചാവടിയിൽ ഇന്നലെ രാവിലെയാണ് സംഭവം. സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് ഇദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം. കാരണം വ്യക്തമല്ല.
വെടിവയ്പ്പിന്റെ ശബ്ദം കേട്ട് സഹപ്രവർത്തകർ ഓഫീസിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചനിലയിലായിരുന്നു. ഉടനെ
സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൂനെമല്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കിൽപാക്ക് മെഡിക്കൽ കോളേജിലേക്കു മാറ്റി.
പരേതനായ രാമൻ നായരുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: നിഷ. മക്കൾ: നിർമ്മൽ, നേഹ.