കോഴിക്കോട്: ബാലഗോകുലത്തിന്റെ ആഭുമുഖ്യത്തിൽ ഒരുക്കുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങൾക്ക് വീടുകൾ ഒരുങ്ങി. പീലിത്തിരുമുടിയും ഓടക്കുഴലും വനമാലയുമായി കൃഷ്ണവേഷമണിഞ്ഞ ബാലികാ ബാലൻമാർ നാളെ വീടുകൾ അമ്പാടിയാക്കും. പതാകദിനം മുതൽ ആരംഭിച്ച ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം എന്ന സന്ദേശവുമായാണ് വീടുകൾ കേന്ദ്രീകരിച്ച് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരുക്കുന്നത്.
വീടുകൾ വൃന്ദാവനം മാതൃകയിൽ അലങ്കരിച്ചും കൃഷ്ണകുടീരം ഒരുക്കിയും ഭഗവാന്റെ ജന്മദിനത്തെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് എല്ലായിടവും. ഓരോ ദിവസങ്ങളിലായി ഗോപൂജ, തുളസീവന്ദനം, ഭജനസന്ധ്യ, പാരായണം, ഗീതാവന്ദനം, വൃക്ഷപൂജ തുടങ്ങിയ അനുബന്ധ പരിപാടികൾ വീടുകൾ കേന്ദ്രീകരിച്ച് നടന്നു കഴിഞ്ഞു.
ജില്ലയിൽ ഒരു ലക്ഷം വീടുകളിലും അയ്യായിരം കേന്ദ്രങ്ങളിലും പതാക ഉയർന്നു. അമ്പതിനായിരം വീടുകളിലാണ് കൃഷ്ണകുടീരം ഒരുങ്ങുന്നത്. അമ്പതിനായിരത്തോളം വീടുകളിൽ തുളസീവന്ദനവും അയ്യായിരത്തോളം കേന്ദ്രങ്ങളിൽ ഗോപൂജയും നടന്നു. ഓൺലൈനായി നടന്ന കൃഷ്ണലീലാ കലോത്സവത്തിൽ ജില്ലയിൽ 25,000 കുട്ടികളാണ് പങ്കെടുത്തത്.
ശ്രീകൃഷ്ണജയന്തി ദിവസമായ നാളെ കുട്ടികൾ കൃഷ്ണ, ഗോപിക വേഷങ്ങളും മുതിർന്നവർ കേരളീയവേഷവും ധരിച്ച് അവരവരുടെ വീട്ടുമുറ്റത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. രാവിലെ മുറ്റത്ത് കൃഷ്ണപ്പൂക്കളം ഒരുക്കുന്നത് മുതൽ ആഘോഷം തുടങ്ങും. കണ്ണനൂട്ട്, അമ്പാടിക്കാഴ്ച്ചയൊരുക്കൽ, ഗോകുലപ്രാർത്ഥന, ഹരേരാമ മന്ത്രം, ഗോകുലഗീതം എന്നിവയ്ക്ക് പിറകെ വൈകിട്ട് ജന്മാഷ്ടമി ദീപക്കാഴ്ചയൊരുക്കി മംഗളശ്ലോകത്തോടെയാണ് പരിപാടികൾ സമാപിക്കുക. പ്രസാദവിതരണവുമുണ്ടാവും. വൈകിട്ട് 6.30ന് ഓൺലൈനായി നടക്കുന്ന സമാപനസമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കും.