തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട്ടിലും ചവറയിലും കഴിഞ്ഞ തവണ മത്സരിച്ചവരെ തന്നെ കളത്തിലിറക്കാനുള്ള തീരുമാനത്തിന് യു.ഡി.എഫിന്റെ അംഗീകാരം. ചവറയിൽ ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബിജോണും കുട്ടനാട്ടിൽ കേരള കോൺഗ്രസ്- ജോസഫ് വിഭാഗത്തിലെ ജേക്കബ് എബ്രഹാമും മത്സരിക്കും. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചില്ലെങ്കിലും, സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിച്ച് ആദ്യമേ കളത്തിലിറങ്ങിയിരിക്കുകയാണ് യു.ഡി.എഫ്. രണ്ടിടത്തും യു.ഡി.എഫിന് അനുകൂല സാഹചര്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് അഞ്ച് മാസത്തേക്ക് മാത്രമായുള്ള ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ ഭരണ-പ്രതിപക്ഷങ്ങൾ സംയുക്തമായി സമീപിക്കുമോയെന്ന ചോദ്യത്തോട് അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ബന്ധപ്പെട്ടിരുന്നോയെന്ന് ചോദിച്ചപ്പോൾ, അതേക്കുറിച്ചൊന്നും ഇപ്പോൾ പറയുന്നില്ലെന്നും തങ്ങൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയാണെന്നും മറുപടി നൽകി.
കേരള കോൺഗ്രസ്-എമ്മിന്റെ ചിഹ്നവും പാർട്ടിയും ജോസ് വിഭാഗത്തിന് അനുവദിച്ചിരിക്കെ, കുട്ടനാട്ടിൽ ഏത് ചിഹ്നത്തിൽ മത്സരിക്കുമെന്ന ചോദ്യത്തിന്, അതൊക്കെ ആ പാർട്ടിയുടെ ആഭ്യന്തരപ്രശ്നമാണെന്നായിരുന്നു മറുപടി. കുട്ടനാട്ടിൽ ഏറ്റവും കുറവ് വോട്ടിനാണ് കഴിഞ്ഞ തവണ ജേക്കബ് എബ്രഹാം പരാജയപ്പെട്ടത്. ഇത്തവണ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കാനാവും.
മഞ്ചേശ്വരത്തെ മുസ്ലിംലീഗ് എം.എൽ.എ കമറുദീനെതിരായ പരാതിയെപ്പറ്റി ചോദിച്ചപ്പോൾ, എം.എൽ.എ ആരെയും വഞ്ചിച്ചിട്ടില്ലെന്നായിരുന്നു മറുപടി. അദ്ദേഹം തുടങ്ങിയ സംരംഭത്തിൽ നഷ്ടമുണ്ടായതാണ്. അത് തിരിച്ചടയ്ക്കും. ഭരണകക്ഷി എം.എൽ.എയ്ക്കും ഇത്തരമൊരവസ്ഥയുണ്ടായാൽ താൻ സംസാരിക്കും. താൻ ആഭ്യന്തരമന്ത്രിയായപ്പോൾ അങ്ങനെ അനുഭവമുണ്ടായിട്ടുണ്ട്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറ്റിംഗ് എം.പിമാരാരും മത്സരിക്കാൻ തീരുമാനിച്ചിട്ടില്ല. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡാണ്. യു.ഡി.എഫ് തിരിച്ചുവരുമെന്ന ബോദ്ധ്യമാണല്ലോ ഈ ചർച്ചയ്ക്കെല്ലാം കാരണം. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് യു.ഡി.എഫ് വരണമെന്നാണെന്ന് മാദ്ധ്യമങ്ങൾ സമ്മതിച്ചതിന് നന്ദിയുണ്ട്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമോയെന്ന ചോദ്യത്തിന്, കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തെപ്പറ്റി ഇങ്ങനെയൊരു ചോദ്യം തന്നെ അപ്രസക്തമാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. അദ്ദേഹം എപ്പോഴും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവാണെന്നും ചെന്നിത്തല പറഞ്ഞു.
ഷിബു ബേബിജോൺ
മുൻ മന്ത്രിയും ആർ.എസ്.പി നേതാവുമായിരുന്ന ബേബിജോണിന്റെ മകൻ. ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം
2001ൽ ചവറയിൽ ആർ.എസ്.പി (ബി- ബോൾഷെവിക്) സ്ഥാനാർത്ഥിയായി മത്സരിച്ച് ആർ.എസ്.പി സ്ഥാനാർത്ഥി വി.പി.രാമകൃഷ്ണപിള്ളയെ പരാജയപ്പെടുത്തി 2006ൽ ചവറയിൽ ആർ.എസ്.പി (ബി) സ്ഥാനാർത്ഥിയായി മത്സരിച്ച് ആർ.എസ്.പി സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടു 2011ൽ ചവറയിൽ ആർ.എസ്.പി (ബി- ബേബിജോൺ) സ്ഥാനാർത്ഥിയായി മത്സരിച്ച് പ്രേമചന്ദ്രനെ പരാജയപ്പെടുത്തി, രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി 2016ൽ ചവറയിൽ എൽ.ഡി.എഫിലെ വിജയൻപിള്ളയോട് പരാജയപ്പെട്ടു മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരി. ഭാര്യ: ആനി. മക്കൾ: അച്ചു ബേബിജോൺ, അമർ സെബാസ്റ്റ്യൻ ജോൺ
ജേക്കബ് എബ്രഹാം
കുട്ടനാട് താലൂക്കിലെ വെളിയനാട് വലിയപറമ്പിൽ പരേതരായ ഡായി - തങ്കമ്മ ദമ്പതികളുടെ മകനാണ് അഡ്വ. ജേക്കബ് എബ്രഹാം (63). നെൽ,നാളികേര കർഷകനായ ഇദ്ദേഹം ചങ്ങനാശേരി എസ്.ബി കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദവും എറണാകുളം ലാ കോളേജിൽ നിന്ന് നിയമബിരുദവും നേടി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗവും ജില്ലാ പ്രസിഡന്റുമാണ്. കെ.എസ്.സി സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് (ജെ) ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2016ൽ കുട്ടനാട്ടിൽ തോമസ് ചാണ്ടിയോട് പരാജയപ്പെട്ടു. ഭാര്യ : അനില. മക്കൾ : നമിത, ഷമിത.