കൊച്ചി : നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ മൊബൈലുകളിൽ നിന്നുൾപ്പെടെ ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാൻ എൻ.ഐ.എ കോടതി കസ്റ്റംസിന് അനുമതി നൽകി. ഡിജിറ്റൽ രേഖകൾ തിരുവനന്തപുരത്തെ സി ഡാക്കിൽ നിന്ന് ശേഖരിച്ചു പരിശോധിക്കാനാണ് കോടതി അനുമതി നൽകിയത്.
നയതന്ത്രചാനൽ വഴി സ്വർണം കടത്തിയ കേസിൽ സ്വപ്നയെയും സന്ദീപിനെയും എൻ.ഐ.എയാണ് ബംഗളൂരുവിൽ നിന്ന് അറസ്റ്റുചെയ്തത്. മൊബൈൽഫോണുകൾക്കു പുറമേ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഇവ എൻ.ഐ.എ സംഘം കോടതിയുടെ അനുമതിയോടെ സി ഡാക്കിന് പരിശോധന നടത്താൻ നൽകിയിരുന്നു. സ്വർണക്കടത്തു കേസിന്റെ അന്വേഷണത്തിനായി ഇൗ രേഖകൾ വിട്ടുകിട്ടാൻ കസ്റ്റംസ് അധികൃതർ കോടതിയിൽ നൽകിയ അപേക്ഷയാണ് എൻ.ഐ.എ കോടതി പരിഗണിച്ചത്.