തൃശൂർ: രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ തൃശൂരിൻ്റെ സ്വപ്നപദ്ധതികളായ ദിവാൻജിമൂല മേൽപ്പാലവും വടക്കേച്ചിറ ബസ് ഹബും ഇന്ന് നാടിന് സമർപ്പിക്കും. അന്തർദ്ദേശീയ നിലവാരത്തിൽ ആധുനിക സൗകര്യങ്ങളോടെ മുഴുവൻ സമയ സി.സി.ടി.വി നിരീക്ഷണവും വളണ്ടിയർമാരുടെ പരിപാലനവും അടക്കം സംസ്ഥാനത്തെ തന്നെ ആദ്യത്തെ ഹൈടെക്ക് ബസ് സ്റ്റാൻഡാണ് പൂർത്തിയായത്.
2018 നവംബർ 10നാണ് ബസ് സ്റ്റാൻഡ് നിർമ്മാണം തുടങ്ങിയത്. 2019ൽ പണി പൂർത്തീകരിക്കാനായിരുന്നു കരാർ. പ്രളയപശ്ചാത്തലവും മറ്റ് തടസങ്ങളും മൂലം വൈകി. ഒരേ സമയം രണ്ടു ഡസൻ ബസുകൾ നിറുത്തിയിടാം. സ്റ്റാൻഡ് ഹരിതാഭമാക്കിയിട്ടുമുണ്ട്. പ്രത്യേകമായി തരംതിരിച്ച ശുചിമുറികൾ മൂന്ന് നേരം തുടച്ചു വൃത്തിയാക്കാൻ ജീവനക്കാരുണ്ടാകും. ബസ് സ്റ്റാൻഡ് നന്നായി പരിപാലിക്കാൻ പത്തു വർഷത്തേയ്ക്ക് ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് കരാർ നൽകിയിട്ടുണ്ട്. ഇതിന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും കോർപറേഷന്റേയും മേൽനോട്ടം ഉണ്ടാകും. ഷോപ്പിംഗിനായി കടകളും ക്രമീകരിച്ചിട്ടുണ്ട്. തൃശൂരിലെ എൻജിനീയർമാരുടെ കൂട്ടായ്മയാണ് ബസ് സ്റ്റാൻഡ് രൂപകൽപന ചെയ്തത്. ലോക്ഡൗൺ കാരണം ഉദ്ഘാടനം അൽപം വൈകിയിരുന്നു.
ചെലവ്: ഏഴ് കോടി
സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ സാമൂഹികപ്രതിബദ്ധതാ ഫണ്ടിനത്തിൽ 5.5 കോടി
കോർപ്പറേഷൻ്റെ ഒന്നര കോടി
വികസനവഴിയിൽ ദിവാൻജിമൂല
പതിറ്റാണ്ടുകളായി ഊരാക്കുരുക്കായിരുന്ന ദിവാൻജി മൂലയിലെ ഗതാഗത തടസമാണ് പാലം തുറക്കുന്നതോടെ ഒഴിയുന്നത്. പാലത്തിലൂടെ കഴിഞ്ഞമാസം മുതൽ ട്രയൽറൺ തുടങ്ങിയിരുന്നു. പാലം തുറക്കുന്നതോടെ വടക്കൻ ജില്ലകളിലേക്കും ദീർഘദൂര ബസുകൾക്കും ലോറികൾക്കും കുരുക്കില്ലാതെ കടക്കാം.
ജില്ലയിലെ പടിഞ്ഞാറൻ മേഖലകളിലേക്കും എറണാകുളത്തേക്കുമുള്ള ഗതാഗതം സുഗമമാകും. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രയിലെ തടസവും ഒഴിയും. ഇടുങ്ങിയ പാലവും കുപ്പിക്കഴുത്തു പോലുള്ള റോഡും തിരക്കേറിയ ജംഗ്ഷനുമുള്ള ദിവാൻജിമൂലയിൽ കൊവിഡ് പ്രതിരോധകാലത്തും ഏറെ തിരക്കായിരുന്നു. വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ നിർമ്മാണം രാഷ്ട്രീയക്കളികളിലും നിരവധി തവണ ഉടക്കി. റെയിൽവേയും കോർപറേഷനും തമ്മിലുള്ള തർക്കം കാരണം നിർമ്മാണം പലപ്പോഴും നിലച്ചു. മേൽപ്പാലം പണി സതേൺ റെയിൽവേ പൂർത്തീകരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അപ്രോച്ച് റോഡുകളുടെ നിർമാണത്തിൽ ഇടതുഭരണ സമിതി കാലതാമസം ഉണ്ടാക്കിയെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ പ്രധാന ആരോപണം.
മൊത്തം നിർമ്മാണചെലവ്: 22 കോടി