ഗുരുവായൂർ : കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമിരോഹിണി നാളെ. ക്ഷേത്ര ദർശനത്തിന് പതിനായിരങ്ങൾ എത്താറുള്ള ക്ഷേത്രത്തിൽ ഇത്തവണ ദർശനത്തിന് അനുമതി ആയിരം പേർക്ക് മാത്രം. ഓൺലൈൻ വഴി ബുക്ക് ചെയ്ത് വരുന്ന ഭക്തർക്ക് ചുറ്റമ്പലത്തിൽ കൊടിമരത്തിന് സമീപം വലിയ ബലിക്കല്ലിനടുത്ത് നിന്നു മാത്രമേ ദർശനം അനുവദിക്കുകയുള്ളൂ.
അഷ്ടമിരോഹിണി ദിനത്തിൽ ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് ദിവസങ്ങൾക്ക് മുമ്പേ പൂർത്തിയായി. അഷ്ടമി രോഹിണി ദിവസം മുതലാണ് ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങുക. അഷ്ടമിരോഹിണി നാളിൽ ക്ഷേത്രത്തിൽ രണ്ടുനേരം കാഴ്ച ശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും ഉണ്ടാകും.
മൂന്നുനേരം എഴുന്നള്ളിപ്പിനും സ്വർണക്കോലത്തിലാണ് ഗുരുവായൂരപ്പൻ എഴുന്നള്ളുക. കൊവിഡ് നിയന്ത്രണം പാലിച്ചാണ് ഇത്തവണ ആഘോഷം. രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻമാരാർ പഞ്ചാരിമേളം നയിക്കും. കലാകാരന്മാരെ പരമാവധി കുറച്ചാകും മേളം. ഒരു ആന മാത്രമേ എഴുന്നള്ളിപ്പിനുണ്ടാകൂ. അഷ്ടമിരോഹിണി നാളിലെ വിശേഷ വിഭവമായ നെയ്യപ്പം അത്താഴപ്പൂജയ്ക്ക് നിവേദിക്കും. അഷ്ടമി രോഹിണിയുടെ ഭാഗമായി ഭാഗവത സപ്താഹത്തിന് തുടക്കമായി. നാലമ്പലത്തിലെ വാതിൽ മാടത്തിൽ കീഴ്ശാന്തി മേലേടം കേശവൻ നമ്പൂതിരി മാഹാത്മ്യ പാരായണം നടത്തി. രാവിലെ 6.30 മുതൽ 12.30 വരെയും വൈകിട്ട് 4.30 മുതൽ 6.30 വരെയുമാണ് സപ്താഹം. അഷ്ടമിരോഹിണി ദിവസമായ നാളെ ശ്രീകൃഷ്ണാവതാരം പാരായണം ചെയ്യും. സപ്താഹം 13 ന് സമാപിക്കും.
ഇത്തവണ ഇങ്ങനെ
പിറന്നാൾ സദ്യ ഇല്ല
10,000 അപ്പം
200 ലിറ്റർ പാൽപ്പായസം
കഴിഞ്ഞ വർഷം
43,978 അപ്പം
14.05 ലക്ഷത്തിന്റെ പാൽപ്പായസം
പിറന്നാൾ സദ്യ 30,000 പേർക്ക്