താനൂർ: മത്സ്യബന്ധനത്തിന് ശേഷം തിരിച്ചു വരുന്നതിനിടെ തിരമാലയിൽപെട്ട് വള്ളം തകർന്ന് കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒട്ടുംപുറം സ്വദേശി കുഞ്ഞാലകത്ത് ഉമ്മറിന്റെ മകൻ ഉബൈദിന്റെ(36) മൃതദേഹമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കണ്ടെത്തിയത്. തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കൊവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.
ഞായറാഴ്ച രാവിലെ 11ഓടെയാണ് അഞ്ചംഗസംഘം താനൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയത്. മൂന്നുപേർ രക്ഷപ്പെട്ടു. ഉബൈദിനൊപ്പം കാണാതായ ഒട്ടുംപുറം സ്വദേശി കെട്ടുങ്ങൽ കുഞ്ഞുമോനെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുന്നു. ആയിഷാബീവിയാണ് മരിച്ച ഉബൈദിന്റെ ഉമ്മ. ഭാര്യ: ഫാത്തിമ. മക്കൾ: ഉദൈഫ, മുസ്തഫ.