തിരുവനന്തപുരം: കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന നാലംഗ സംഘത്തെ കണ്ടെത്താൻ എക്സൈസ് കമ്മിഷണർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രതികൾ ഫോണുകൾ ഓഫാക്കി ഒളിവിലാണ്.
കണ്ണൂർ സ്വദേശി ജിതിൻ രാജ്, തൃശൂരിലെ സെബു, തിരുവനന്തപുരത്തെ അഭേഷ്, ജയൻ മുടപുരം എന്നിവരാണ് ഇരുപത് കോടിയുടെ കഞ്ചാവ് കടത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ മിക്കവർക്കും പത്തും പതിനഞ്ചും സിം കാർഡുകളുണ്ട്.ആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് സൂക്ഷിക്കാൻ തിരുവനന്തപുരത്ത് സജ്ജമാക്കിയിരുന്ന ഗോഡൗണും കണ്ടെത്താനായിട്ടില്ല. കണ്ടെയ്നർ ലോറി കോരാണിയിൽ പാർക്ക് ചെയ്തശേഷം രാത്രിയിൽ ചെറിയ ലോറിയിലെത്തി കഞ്ചാവ് കൊണ്ടുപോകാനാണ് പദ്ധതിയിട്ടിരുന്നത്. കുറേസമയം കാത്തു നിന്നെങ്കിലും ലോഡ് ഏറ്റെടുക്കാൻ ആരുമെത്തിയില്ല. കൂടുതൽ വിവരങ്ങൾ കണ്ടെയ്നർ ലോറി ഡ്രൈവർക്കും കണ്ടക്ടർക്കും അറിയില്ല. കേരളത്തിലേക്ക് ആന്ധ്രയിൽ നിന്ന് ലോഡെത്തിച്ചു നൽകുന്ന ഏജന്റാണ് ജിതിൻ രാജ്. കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ പഞ്ചാബ് സ്വദേശി ഖുൽവന്ത് സിംഗ് ഖൽസി, സഹായി ജാർഖണ്ഡ് സ്വദേശി കൃഷ്ണ യാദവ് എന്നിവർ റിമാന്റിലാണ്.
കഞ്ചാവ് കയറ്റിവിട്ട പഞ്ചാബ് സ്വദേശി രാജുഭായ് കേരളത്തിലെ ഹോൾസെയ്ൽ വിതരണക്കാർക്ക് ഏറെക്കാലമായി കഞ്ചാവെത്തിക്കുന്നുണ്ട്. ആന്ധ്രയിൽ ഭദ്രാചാലം, കമ്മം കേന്ദ്രമാക്കിയാണ് പ്രവർത്തനം. ലോഡില്ലാത്ത കണ്ടെയ്നർ ലോറിയിൽ കഞ്ചാവ് കടത്തുന്നതാണ് പുതിയ തന്ത്രം. ഡ്രൈവർ കാബിനു മുകളിൽ രഹസ്യ അറ ഉണ്ടാക്കിയാണ് 500 കിലോ കഞ്ചാവ് സൂക്ഷിച്ചത്. കേരളത്തിലേക്ക് വരും മുൻപ് ഇതേ ലോറി ഉത്തർപ്രദേശിലേക്ക് കഞ്ചാവുമായി പോയിരുന്നു. കേരളത്തിലേക്ക് രണ്ടായിരം കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവരാൻ സംഘം പദ്ധതിയിട്ടിരുന്നെന്നും എക്സൈസ് കണ്ടെത്തി.