കോവളം: അന്താരാഷ്ട്ര മറൈൻ ട്രാക്കറായ മറൈൻ ട്രാഫിക് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച ലൈറ്റ് ഹൗസ് ചിത്രങ്ങളുടെ പട്ടികയിൽ വിഴിഞ്ഞം ലൈറ്റ് ഹൗസ് ഇടം നേടി. ആഗസ്റ്റ് മാസത്തിൽ പുറത്തിറക്കിയ അഞ്ച് മികച്ച ലൈറ്റ് ഹൗസുകളുടെ ലിസ്റ്റിലാണ് ഈ നേട്ടം. മനോഹരമായ പരിസരത്തിൽ നിർമിക്കപ്പെട്ട വിഴിഞ്ഞം ലൈറ്റ് ഹൗസിന്റെ മുകളിൽ നിന്നുള്ള കാഴ്ച മികച്ചതാണെന്ന് മറൈൻ ട്രാഫിക് വിലയിരുത്തി. ഇന്ത്യയിൽ നിന്ന് ഈ മാസം ഉൾപ്പെടുന്ന ഏക ലൈറ്റ് ഹൗസും വിഴിഞ്ഞത്തേതാണ്. 1972 ജൂൺ 30നാണ് ഇപ്പോൾ വിഴിഞ്ഞത്തുള്ള ലൈറ്റ്ഹൗസ് സ്ഥാപിച്ചതും ലൈറ്റ് സർവീസിംഗ് തുടങ്ങിയതും. 37 നോട്ടിക്കൽ മൈൽദൂരം ലൈറ്റ് ഹൗസിൽ നിന്നുള്ള പ്രകാശമെത്തും. 57 മീറ്റർ ഉയരമാണ് ലൈറ്റ് ഹൗസിനുള്ളത്. ചെന്നൈ ലൈറ്റ് ഹൗസ് ആൻഡ് ഷിപ്പിംഗ് ഡിപ്പാർട്ട്മെന്റിൽ നിന്ന് അടുത്തിടെ വിഴിഞ്ഞം ലൈറ്റ് ഹൗസിന് 1.16 കോടി രൂപ അനുവദിച്ചിരുന്നു. മ്യൂസിക്കൽ വാട്ടർ ഫൗണ്ടൻ, കാർ പാർക്കിംഗ് ഏരിയ, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ സൗകര്യങ്ങളും അടുത്തിടെ നിർമിച്ചു. ഏത് പ്രായത്തിലുള്ള സഞ്ചാരികളെയും ആകർഷിക്കുന്നതിനായി 80 ലക്ഷം രൂപ ചെലവിൽ ഷിപ്പിംഗ് മന്ത്രാലയം ലിഫ്ടും സജ്ജമാക്കിയിട്ടുണ്ട്.